പാട്ന: തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓ ചാത് ബീഹാറിലെ ബോധ് ഗയയിലെത്തി.ബോധ് ഗയയിലെത്തിയ അദ്ദേഹവും ഭാര്യയും മഹാബോധി ക്ഷേത്രത്തിൽ പൂജയും നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഭാരത്തിലെത്തിയത്. പാട്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ നിയമ മന്ത്രി കൃഷ്ണാനന്ദൻ സ്വീകരിച്ചു. തുടർന്ന് പാട്നയിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ബോധ് ഗയയിൽ അദ്ദേഹം എത്തുകയായിരുന്നു.
ബോധ് ഗയയിലെ മഹാബോധി മരത്തിനു കീഴിൽ അദ്ദേഹവും ഭാര്യയും ചേർന്ന് പ്രാർത്ഥനയും പൂജ കർമ്മങ്ങളും നടത്തി. ഒരു ബുദ്ധമത വിശ്വാസി എന്ന നിലയിൽ ബോധ് ഗയ സന്ദർശിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും തങ്ങളോട് ആദരവ് കാട്ടിയ ഭാരതത്തിലെ എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം ക്ഷേത്രത്തിലെ അതിഥികളുടെ അഭിപ്രായ പുസ്തകത്തിൽ രേഖപ്പെടുത്തി.
















