അഹമ്മദാബാദ്: സമ്പത്തില്‍ സ്വാര്‍ത്ഥതയ്‌ക്കപ്പുറം സഹാനുഭൂതിയ്‌ക്കും ഇടമുണ്ടെന്ന് തെളിയുന്നത് അപൂര്‍വ്വം. അഹമ്മദാബാദിലെ മഹേഷ് സാവനിയെന്ന രത്‌നവ്യാപാരി ഇക്കൂട്ടത്തില്‍ മുന്‍ നിരയില്‍ ചേര്‍ത്തു വെയ്‌ക്കാം. ഇന്നലെ ലോക പിതൃദിനത്തില്‍ മഹേഷ് സാവനിയെ തേടിയെത്തിയത് 472 പെണ്‍മക്കളുടെ ശുഭാശംസകളാണ്്.
അവരുടെ ആരുടെയും അച്ഛനല്ലെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അച്ഛന്റെ കടമകളോടെ അവരെയെല്ലാം വിവാഹം കഴിപ്പിച്ചയച്ചത് മഹേഷ് ആയിരുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് അദ്ദേഹം ചെലവഴിക്കുന്നതാകട്ടെ ചുരുങ്ങിയത് നാലുലക്ഷം രൂപ. എന്നാല്‍ ജാതി, മതഭേദങ്ങളൊന്നും ഇക്കാര്യത്തിലില്ല.
അച്ഛനില്ലാത്ത പെണ്‍കുട്ടികളോടുള്ള അനുകമ്പയില്‍ നിന്നാണ് നാല്പത്തിയേഴുകാരനായ മഹേഷ് ഈയൊരു ദൗത്യം പുണ്യകര്‍മ്മം പോലെ ഏറ്റെടുത്തത്. അതിന് നിമിത്തമായതാകട്ടെ സ്വന്തം സഹോദരന്റെ മരണവും. പത്തുവര്‍ഷം മുമ്പായിരുന്നു സഹോദരന്റെ മരണം. അനാഥരായത് രണ്ടുപെണ്‍കുട്ടികള്‍. അവരുടെ കന്യാദാനം നടത്തിയത് മഹേഷായിരുന്നു.
കല്യാണച്ചടങ്ങുകള്‍ തീര്‍ന്നപ്പോള്‍ അദ്ദേഹമെടുത്ത തീരുമാനമായിരുന്നു അച്ഛനില്ലാത്ത പെണ്‍കുട്ടികളുടെ മാംഗല്യത്തിന് തുണയാകുകയെന്നത്. 2008 ഇന്നോളം മഹേഷ് അത് തുടരുന്നു. എല്ലാവര്‍ഷവും ഇത്തരമൊരു വിവാഹ കൂട്ടായ്‌മയ്‌ക്ക് മുടക്കമില്ലാതെ പന്തലൊരുക്കുന്നു. വിവാഹത്തിനു മാത്രമല്ല, അതിനു ശേഷവും താങ്ങും തണലുമാകുന്നു. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ മാത്രമല്ല പാത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി ഒരു കുടുംബം തുടങ്ങാനുള്ള അവശ്യ സാധനങ്ങളെല്ലാം മഹേഷ് സാവനി വിവാഹ വേളയില്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരിക്കും. ഈ വര്‍ഷം ഇതുവരെ 216 പെണ്‍കുട്ടികളെ അദ്ദേഹം വിവാഹം കഴിപ്പിച്ചയച്ചു.
ഭവ്‌നഗറിലെ രാപര്‍ദാ ഗ്രാമത്തില്‍ നിന്ന് 40 വര്‍ഷം മുമ്പ് അഹമ്മദാബാദില്‍ തൊഴില്‍ തേടിയെത്തിയതാണ് മഹേഷിന്റെ അച്ഛന്‍ വല്ലഭ്ഭായ്. രത്‌നം പോളീഷ് ചെയ്യുന്ന ജോലിയില്‍ നിന്ന് പടിപടിയായി ഉയര്‍ന്നാണ് അദ്ദേഹം രത്‌നവ്യാപാരിയായത്. അച്ഛന്റെ പാത പിന്തുടരുന്ന മഹേഷിന് അഹമ്മദാബാദില്‍ സ്വന്തമായി സ്‌കൂളുകളുമുണ്ട്.
വിവാഹം കഴിപ്പിച്ചയച്ച ഓരോ പെണ്‍കുട്ടിയ്‌ക്കുമുണ്ട് മഹേഷിന്റെ നന്മകള്‍ വാഴ്‌ത്താന്‍ ഒട്ടേറെ ഓര്‍മ്മകള്‍. കുഞ്ഞുനാളിലേ അച്ഛന്‍ നഷ്ടപ്പെട്ട നഹേദ ബാനു പറയുന്നത് ഇങ്ങനെ ‘മഹേഷ് പപ്പ, എനിക്ക് അച്ഛന്‍ എന്നതിനുമപ്പുറത്താണ്. ഈ ലോകത്ത് ഓരോ പെണ്‍കുട്ടിക്കും ഇതുപോലൊരു അച്ഛനെ ലഭിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’. ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഒരു സന്ദേശത്തിന്റെ ദൂരത്തിലുണ്ട് മഹേഷ് പപ്പയെന്ന് നന്ദിപൂര്‍വ്വം, സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു ഹിന കത്തീരിയെന്ന പെണ്‍കുട്ടി.
















