സ്വകാര്യ വ്യക്തി വയലിന് മധ്യത്തിലൂടെ നിര്‍മ്മിച്ച റോഡ്
മായന്നൂര്‍: പള്ളിമുക്കിന് കിഴക്കുഭാഗത്ത് കെട്ടിലപ്പാടം പാടശേഖരത്തിന് മധ്യത്തിലൂടെ സ്വകാര്യ വ്യക്തി തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിര്‍മ്മിക്കുന്നു. വയലിന് സമീപത്ത് കനാലിന് കുറുകെ പാലം നിര്‍മിക്കുകയും എട്ട് മീറ്റര്‍ വീതിയില്‍ മുന്നൂറോളം മീറ്റര്‍ നീളത്തിലാണ് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. വശങ്ങള് കരിങ്കല്ലുകൊണ്ട് സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങളായിട്ടും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും റവന്യു ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഈ വ്യക്തി പുഴയോരത്ത് വാങ്ങിയ സ്ഥലത്തേക്ക് വയലിലൂടെ വഴിനിര്‍മാണം തുടങ്ങിയിട്ട് ഏതാണ്ട് നാലുവര്‍ഷത്തോളമായി. ഇതിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇക്കഴിഞ്ഞ വേനലില്‍ റോഡ് നിര്‍മാണം തകൃതിയായി മുന്നോട്ട് പോയതോടെ വില്ലേജോഫീസര്‍ സ്ഥലത്തെത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല റോഡ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. പക്ഷെ പിന്നീട് നിര്‍മാണം മുന്നോട്ട് പോവുകയാണുണ്ടായത്. കൃഷി ഓഫീസറും പഞ്ചായത്ത് ഭരണസമിതിയും വയലിലെ റോഡ് നിര്‍മാണത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചെങ്കിലും മറ്റുനടപടികളൊന്നുംതന്നെ ഉണ്ടായില്ല. നിയമലംഘനം നടത്തി വയലില്‍ റോഡ് നിര്‍മ്മിക്കുന്നതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.സന്തോഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: