ബിജെപി ജില്ലാനേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: മുസ്ലീം ജനവിഭാഗങ്ങളുടെ മനസ്സില്‍ ഭീതി സൃഷ്ടിച്ച് വോട്ടുകള്‍ കൈക്കലാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മുസ്ലീംലീഗ്, ജമാഅത്തെഇസ്ലാമി, പിഡിപി, എസ്ഡിപിഐ, സമസ്ത തുടങ്ങിയ എല്ലാവിഭാഗം മുസ്ലീം സംഘടനകളുടേയും വോട്ട് സിപിഎം നേടി. ലീഗ് സ്ഥാനാര്ത്ഥികളില്ലാത്തിടത്തെല്ലാം ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിനാണ് വോട്ട് നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ ബിജെപി ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ബിജെപിയെക്കുറിച്ച് നുണപ്രചരിപ്പിച്ച് മുസ്ലീം സമുദായത്തിന്റെ ഇടയില്‍ ഭീതി പരത്തുകയായിരുന്നു സിപഎം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ പട്ടികജാതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ ഒന്നരവയസ്സുള്ളകുട്ടിയേയും അമ്മയേയും ജയിലിലടച്ചത്. രണ്ട് സ്ത്രീകള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ കയറി നേതാക്കളെ തല്ലിയെന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നു.
കേരളത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സമയമില്ല. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുകയറുന്നു. രാജ്യത്ത് ഏറ്റവും രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്നത് കേരളത്തിലാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. എന്താണ് ചെയ്യേണ്ടതെന്ന് മന്ത്രിമാര്‍ക്കറിയില്ല. ഭരണപരിചയമില്ലാത്ത മന്ത്രിമാര്‍ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയത് തൃശൂര്‍ ജില്ലയിലാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്മാസ്റ്റര്, സംസ്ഥാന സമിതി അംഗങ്ങളായ ടി.ചന്ദ്രശേഖരന്, ഷാജുമോന്‍ വട്ടേക്കാട്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇ.രഘുനന്ദനന്, പി.എസ്.ശ്രീരാമന്, മധ്യമേഖല സംഘടനാസെക്രട്ടറി ജി.കാശിനാഥ്, ജില്ലാനേതാക്കളായ കെ.പി.ജോര്‍ജ്ജ്, കെ.കെ.അനീഷ്കുമാര്‍, സുരേന്ദ്രന് ഐനിക്കുന്നത്ത്, ദയാനന്ദന് മാമ്പുള്ളി, സുധീര്‍ബേബി, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.അരവിന്ദാക്ഷന് തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: