കളമശേരി: എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ക്ക് മാത്രമായി രാത്രികാല ഡ്യൂട്ടി ഒഴിവാക്കരുതെന്ന് ആരോഗ്യ വകുപ്പ് ഉത്തരവ് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. രണ്ട് വര്‍ഷമായി ഒമ്പത് പേര്‍ക്കും പിന്നീട് അഞ്ചു പേര്‍ക്കുമായി പരിമിതപ്പെടുത്തി നല്‍കിയ ഇളവാണ് പിന്‍വലിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയാറാകാത്തത്. ഇളവ് ലഭിച്ചവര്‍ അനര്‍ഹരെന്ന് കണ്ടെത്തിയതിനാലും മറ്റ് നഴ്‌സുമാരുടെ കടുത്ത പ്രതിഷേധത്തേയും തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് ചില നഴ്‌സുമാര്‍ ഡ്യൂട്ടി ഒഴിവാക്കിയെടുക്കുകയായിരുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയെ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ തീരുമാനം പിന്‍വലിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. പുതിയ ഉത്തരവ് പ്രകാരം അര്‍ഹരായവര്‍ക്ക് വേണമെങ്കില്‍ രാത്രികാല ഇളവ് നല്‍കാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലം ഈ ഇളവ് ഒരു നഴ്‌സിനും നല്‍കരുതെന്നും അഥവാ ആവശ്യമെങ്കില്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് കൂട്ടായ തീരുമാനം എടുക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നുണ്ട്.
















