പത്തനാപുരം: വൈദ്യശാലകളുടേയും ആയുര്‍വേദ ആശുപത്രികളുടേയും മറവില്‍ വീര്യം കൂടിയ അരിഷ്ടം വില്‍പന പൊടിപൊടിക്കുന്നു. വിദേശമദ്യവില കൂതിച്ചുയര്‍ന്നതോടെ ലഹരിക്കായി യുവാക്കള്‍ അടക്കമുള്ളവര്‍ അരിഷ്ടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
750 മില്ലിയുടേയും 500 മില്ലിയുടെയും കുപ്പികളില്‍ ചില്ലറയായും അരിഷ്ടം ലഭ്യമാണ്. ബലാരിഷ്ഠം, പിപ്പലാസം, ലോഹാസവം, ജീരകാരിഷ്ടം, ദശമൂലം,വിപ്ലവരിഷ്ടം, എന്നീ ലേബലുകളാണ് കുപ്പികളില്‍ ഒട്ടിച്ചിരിക്കുന്നതെങ്കിലും കുപ്പികളില്‍ അരിഷ്ടം ഒന്നു തന്നെയാണ്. വിദേശമദ്യത്തിന് ചെറിയ കുപ്പിക്ക് കുറഞ്ഞത് നൂറുരൂപ വരെ നല്‍കേണ്ടി വരുമ്പോള്‍ ഗ്ലാസ്സിന് 25 രൂപക്ക് അരിഷ്ടം ലഭിക്കുന്നു. രണ്ട് ഗ്ലാസ് കുടിക്കുമ്പോഴേക്കും എത്ര ആരോഗ്യമുള്ള ആളായാലും ഫുള്‍ പൂസാകുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ശര്‍ക്കര കലക്കിയ വെള്ളത്തില്‍ വീര്യത്തിനായി ഉഗ്രവിഷമാണ് ചേര്‍ക്കുന്നത്. പുകയില അരച്ചതും സ്പിരിറ്റിനൊപ്പം വീര്യത്തിനായി ഉഗ്ര വിഷം കലര്‍ന്ന എസന്‍സുകളും ചേര്‍ക്കുന്നു.
ആയുര്‍വേദ ഔഷധനിര്‍മ്മാണത്തിന്റെ പേരില്‍ ലൈസന്‍സെടുത്തശേഷം കൃത്യമായി ലഹരി ചേര്‍ത്ത് അരിഷ്ടം നിര്‍മ്മിച്ച് കുപ്പികളിലാക്കി വൈദ്യശാലകളിലും ചില ആയുര്‍വേദ ആശുപത്രികളിലും എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ചില സ്ഥലങ്ങളില്‍ എക്‌സൈസുകാര്‍ക്കും പോലീസുകാര്‍ക്കും മാസപടിയും നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും മറ്റും അരിഷ്ടകട തുടങ്ങുന്നതിനായി ആയുര്‍വേദ ഡോക്ടര്‍മാരുടെ പേര് വെച്ച് ലൈസന്‍സ് സമ്പാദിക്കുന്നു. ഒരേ ഡോക്ടറുടെ പേരില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യശാല പ്രവര്‍ത്തിക്കുന്നു. ചില ദിവസങ്ങളില്‍ പേരിന് വേണ്ടി ചികിത്സയും നല്‍കുന്നുണ്ട്. എല്ലാ രോഗത്തിനും മരുന്ന് ഒന്നുതന്നെയെന്ന് മാത്രം. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് അരിഷ്ട വില്‍പന കൂടുതലായി നടക്കുന്നത്. വിദേശമദ്യ ശാലകള്‍ തുറക്കാത്ത ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത്. വീര്യത്തിന് വേണ്ടി ഉഗ്രവിഷം ചേര്‍ത്ത അരിഷ്ടം കുടിക്കുന്നതിലൂടെ കരള്‍രോഗം ഉള്‍പ്പെടെ മാരകരോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നു.
















