ന്യൂദല്‍ഹി: കേരള രാഷ്‌ട്രീയത്തില്‍ മാറ്റം വേണമെന്ന തീവ്രമായ ജനാഭിലാഷമാണ് തന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് കേരളത്തിലെ ബിജെപിയുടെ ആദ്യ നിയമസഭാംഗം ഒ. രാജഗോപാല്‍ പറഞ്ഞു. ദല്‍ഹിയില്‍ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍.
സംസ്ഥാന രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ വീണ്ടും മത്സരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. അതു പാലിച്ചു. നിയമസഭയില്‍ ആര്‍ക്കു പ്രവേശനം നല്‍കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ജനങ്ങളാണ്. രാഷ്‌ട്രീയ നേതാക്കളല്ല, രാജഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പ്രകടനങ്ങള്‍ നടത്തുന്നതിന് പകരം പരമാവധി ജനങ്ങളെ നേരിട്ട് കണ്ടുകൊണ്ടായിരുന്നു പ്രചാരണം. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ജയിച്ചയാളായിരുന്നു എതിരാളി. താന്‍ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടയാളും. ഊണും വീടും ഉപേക്ഷിച്ച് സഹപ്രവര്‍ത്തകര്‍ വിജയം ഉറപ്പാക്കാന്‍ ഒപ്പം നിന്നെന്നും ദൈവകൃപ തനിക്കൊപ്പമായിരുന്നെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ബാലഗോകുലം, നവോദയം, ബിജെപി സൗത്തിന്ത്യന്‍ സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബാലഗോകുലം, നവോദയം രക്ഷാധികാരി എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാവ് ആര്‍. ബാലശങ്കര്‍, ബാബു പണിക്കര്‍, ബാലഗോകുലം ദല്‍ഹി പ്രസിഡന്റ് കെ.വി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.കെ സുരേഷ്, നവോദയം വൈസ് പ്രസിഡന്റ് ഷൈന്‍ പി ശശിധര്‍, സൗത്തിന്ത്യന്‍ സെല്‍ കണ്‍വീനര്‍ ജയകുമാര്‍, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.കെ.ജി പിള്ള, ജനറല്‍ സെക്രട്ടറി ആര്‍.ആര്‍ നായര്‍, എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ ജനറല്‍ സെക്രട്ടറി കല്ലറ മനോജ്, കെ. മാധവന്‍ നായര്‍, മാര്‍കോ കോച്ചേരില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരും സംസാരിച്ചു. ദല്‍ഹി മലയാളി അസോസിയേഷനുകള്‍ക്കും അയ്യപ്പ ക്ഷേത്രങ്ങള്‍ക്കും സ്ഥലം അനുവദിക്കുന്നതില്‍ രാജഗോപാല്‍ നിര്‍വഹിച്ച പങ്ക് മലയാളി സംഘടനകള്‍ ചടങ്ങില്‍ പറഞ്ഞു.
















