നവരംഗപൂര്‍: കരടിയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകൾ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒഡീഷയിലെ നവരംഗപൂര്‍ ജില്ലയിലാണു സംഭവം. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയവരെയാണു രണ്ട് കരടികൾ ആക്രമിച്ചതെന്ന് ഡിവിഷനൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ സ്വാം മാലിക് പറഞ്ഞു. ഫുട്ടാക്കി ഗ്രാമത്തിനോടു ചേര്‍ന്നുള്ള വനത്തിലാണു ഗ്രാമവാസികള്‍ വിറക് ശേഖരിക്കാന്‍ പോയത്. ആദ്യം യുവതികളെ ആക്രമിച്ച് കൊലപ്പെടുത്തിയ കരടികൾ ഇവരെ രക്ഷിക്കാനെത്തിയെ യുവാവിനെയും കൊല്ലുകയായിരുന്നു.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പ്രദേശവാസികൾ സമീപത്തെ ചന്ദാഹന്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനത്തിനുള്ളിൽ വന്യ മൃഗങ്ങൾ കൂടുതൽ വിഹാരിക്കുന്നതിനാൽ ഗ്രാമവാസികൾ കാടിനുള്ളിൽ പ്രവേശിക്കുന്നത് താത്കാലികമായി അധികൃതർ തടഞ്ഞിരിക്കുകയാണ്.
















