തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് ഉടനെ വേണ്ടന്ന് കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് മെഡിക്കല്‍ പഠനത്തിന് 100 സീറ്റു കുറയും. കൂടാതെ സംസ്ഥാനത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് തീരുമാനമായത്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളാല്‍ സെപ്തംബറിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാന്‍ ഇന്നലെ തീരുമാനമെടുക്കുകയായിരുന്നു.
തിരുവന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ചാണ് മുന്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. ഈ ആശുപത്രികളുടെ ബോര്‍ഡു മാത്രം മാറ്റി മെഡിക്കല്‍ കോളേജ് ആക്കുകയായിരുന്നു. ഇതിനെതിരെ ഐഎംഎ ഉള്‍പ്പെടെ രംഗത്തുവന്നെങ്കിലും തട്ടിക്കൂട്ടുകള്വഴി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടി. അങ്ങനെ ജനറല്‍ ആശുപത്രിയും തൈയ്ക്കാട് ആശുപത്രിയും രേഖകളില്‍ മെഡിക്കല്‍ കോളേജായി മാറിയതിനാല്‍ 100 മെഡിക്കല്‍ പഠന സീറ്റുകള്‍ അധികം നേടാനും കഴിഞ്ഞു.
മാനദണ്ഡങ്ങള്‍ പ്രകാരം ആവശ്യമുളളതിലധികം രോഗികളും കിടക്കകളും ഇവിടെയുണ്ട്. ഈ ആശുപത്രികളിലെ വിവിധ കെട്ടിടങ്ങളും വിഭാഗങ്ങളും മെഡിക്കല്‍ കോളേജിന്റേതായി പരിഗണിക്കും. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ 450 കിടക്കകളുടെ ആവശ്യമേയുള്ളു. ജനറലാശുപത്രിയില്‍ നിലവില്‍ 747 കിടക്കകളുള്ളതിനാല്‍ അതും പ്രശ്നമായില്ല. മെഡിക്കല്‍ കോളേജിനാവശ്യമായ 109 ഡോക്ടര്‍മാരുടേതുള്‍പ്പെടെ 134 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ഡോക്ടര്‍മാരെ മാറ്റി നിയമിച്ചാണ് ആളെ തികച്ചത്.
ജനറല്‍ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും രണ്ടു തവണ പരിശോധനയ്ക്കെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിലൂടെ ഈവര്‍ഷം പ്രവേശന പരീക്ഷയെഴുതിയ 100 പേര്‍ക്കു കൂടി 25,000 രൂപ ഫീസിനു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പഠിക്കാനുള്ള അവസരമായി. ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന നിര്‍മാണ ജോലികള്‍ ജൂലൈക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ ഉറപ്പുകൂടി പരിഗണിച്ചായിരുന്നു കേന്ദ്രാനുമതി.
എന്നാല്‍, അഞ്ചു വര്‍ഷത്തെ സാമ്പത്തിക ബാധ്യത ഏല്‍ക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നല്കാന് നിലവിലെ സ്ഥിതിയില്‍ കഴിയില്ലെന്ന നിലപാട് അറിയിയ്ക്കാനാണ് ഇന്നലെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജിനായി വിവിധതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കിട്ടിയപ്പോള്‍ വേെണ്ടന്നു പറയുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ വിശ്വാസ്യതകൂടിയാണ് ഇല്ലാതാകുന്നത്.
















