കരുനാഗപ്പള്ളി: പോരാട്ടങ്ങളുടെ സ്മരണകളുണര്‍ത്തി ഓച്ചിറക്കളി ഇന്നും നാളെയുമായി ഓച്ചിറ പടനിലത്ത് അരങ്ങേറും. എല്ലാവര്‍ഷവും മലയാള മാസം മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറക്കളി അരങ്ങേറുന്നത്. കായംകുളം രാജ്യവും വേണാട് രാജ്യവും തമ്മില്‍ നടന്ന ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓച്ചിറക്കളി. നിരവധി കളരികളില്‍ നിന്നും പരീശീലനം നേടിയ ആയിരക്കണക്കിന് യോദ്ധാക്കള്‍ ഇന്നും പടനിലത്തെ എത്തി പ്രദര്‍ശനം നടത്തും. ഇതില്‍ കൊച്ചുകുട്ടി മുതല്‍ അറുപത് തികഞ്ഞ യോദ്ധാക്കള്‍ വരെ പങ്കെടുക്കും. ഇന്നലെ രാവിലെ മുതല്‍ കളരികളില്‍ പ്രത്യേകപൂജകളും വൈകിട്ട് വിളക്കും ദീപാരാധനയും കളരി പ്രദര്‍ശനവും നടന്നു. കളരിഗുരുക്കന്‍മാരുടെ അനുഗ്രഹം വാങ്ങി ഇന്നു രാവിലെ കളരിക്ക് സമീപമുള്ള ഗൃഹങ്ങള്‍ സന്ദര്‍ശിച്ച് അഭ്യാസികള്‍ കളരിമുറകള്‍ അവതരിപ്പിച്ച് അനുഗ്രഹം വാങ്ങി ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും.
ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന യോദ്ധാക്കളെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയും ഒണ്ടിക്കാവും എട്ടുകണ്ടവും പ്രദക്ഷിണം വച്ച് ഇരുകരകളിലും അണനിരക്കും. തുടര്‍ന്ന് ഭരണസമിതി അംഗങ്ങളും കരനാഥന്മാരും എട്ടുക്കണ്ടത്തിലിറങ്ങി കരപറഞ്ഞ് കൈകൊടുക്കും.
അപ്പോള്‍ ഇരുകരകളിലും നിലയുറപ്പിച്ച പോരാളികള്‍ ആര്‍പ്പുവിളികളോടെ കളികണ്ടത്തിലേക്ക് ഇറങ്ങി പടവെട്ടും. തുടര്‍ന്ന് അടുത്തദിവസവും ഇത് ആവര്‍ത്തിക്കും. ആയിരക്കണക്കിന് ഭക്തര്‍ ഒത്തുകൂടുന്ന ഓച്ചിറക്കളിക്ക് എല്ലാസൗകര്യങ്ങളും ക്ഷേത്രത്തില്‍ ഒരുങ്ങി. വര്‍ണകൊടികളും തോരണങ്ങളും ഉള്‍പ്പെടുത്തി ക്ഷേത്രപരിസരം അലങ്കരിച്ചിട്ടുണ്ട്.
















