ന്യൂദല്‍ഹി: അഴിമതിയ്‌ക്കെതിരേ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടിയുടെ നേതാവും മന്ത്രിയും വന്‍അഴിമതിക്കേസില്‍ പെട്ട് രാജിവെച്ചു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാരിലെ ഗതാഗത മന്ത്രി ഗോപാല്‍ റായ് രാജിവെച്ചു.
ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ബസ് സര്‍വീസ് ഉടമകളോടു പണം വാങ്ങിയെന്ന് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇത് വലിയ വിവാദമായതാണ് രാജിക്ക് മുഖ്യ കാരണം. കൂടാതെ ദല്‍ഹിയില്‍സ്വകാര്യ കാര്‍ യാത്രകള്‍ കുറച്ച് , ജനങ്ങളെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രീമിയം ബസ് സര്‍വ്വീസ് പദ്ധതി കൊണ്ടുവരാനും റായ് അടുത്തിടെ ശ്രമം നടത്തിയിരുന്നു.
ഈ പദ്ധതിയുടെ നടത്തിപ്പിലും വന്‍അഴിമതി ആരോപണമാണ് ഉയര്‍ന്നത്. സംസ്ഥാന അഴിമതിവിരുദ്ധ സമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും തുടങ്ങി.
രണ്ട് ആരോപണങ്ങളും അഴിമതി വിരുദ്ധരെന്ന പേരില്‍ അധികാരത്തില്‍വന്ന ആംആദ്മി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരുന്നു.
റായി അടുത്തിടെ സര്‍ജറിക്കു വിധേയനായിരുന്നുവെന്നും ആരോഗ്യനില മോശമായതിനാലാണ് രാജിയ്‌ക്കു കാരണമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേജ്‌രിവാള്‍ മന്ത്രിസഭയില്‍ ഗതാഗതം കൂടാതെ ഗ്രാമ വികസന വകുപ്പിന്റെ ചുമതലയും ഗോപാല്‍ റായ് വഹിച്ചിരുന്നു. ബാബര്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് റായ് 2015 ഫെബ്രുവരി 14നാണ് ഗതാഗത, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ സമിതി അംഗമാണ്.
ഗതാഗത വകുപ്പിന്റെ അധിക ചുമതല കൂടി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിനു നല്‍കി. കേജ്‌രിവാളിന്റെ ഏറ്റവും അടുത്ത അനുയായിയാണ് ജെയ്ന്‍. റായിയുടെ രാജി ആപ്പ് സര്‍ക്കാരിന് കനത്തയടിയാണ്. അഴിമതിയുടെ പേരിലാണ് രാജിയെന്നത് കേജ്‌രിവാളിന് ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയിരിക്കുന്നത്.
















