മുംബൈ: അന്യരാഷ്‌ട്രങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തുന്ന ഹിന്ദുസിഖ് വിഭാഗങ്ങള്‍ക്ക് ദീര്‍ഘകാല വിസയും (എല്‍ടിവി)പൗരത്വവും നല്‍കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്യാമ്പുകള്‍ സജ്ജമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രമുഖ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പുനരധിവാസ പദ്ധതി.
ഇതില്‍ ആദ്യത്തെ രണ്ടു ക്യാമ്പുകള്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു.
തുടര്‍ന്നുള്ളവ ഗുജറാത്ത്, മധ്യപ്രദേശ് , രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി എന്നിവിടങ്ങളില്‍ നടക്കും. പ്രധാനമായും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടാണിത്.
അടുത്ത മാസം 27 വരെയാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അഭയാര്‍ത്ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട്, താമസത്തിനും സ്വയം തൊഴിലിനുമുള്ള സൗകര്യം,ഡ്രൈവിങ്ങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയും സര്‍ക്കാര്‍ ലഭ്യമാക്കും. ഭാരതത്തില്‍ ഹിന്ദു സിഖ് വിഭാഗത്തില്‍പ്പെട്ട രണ്ടുലക്ഷം അഭയാര്‍ത്ഥികളാണുള്ളത്.
















