തലക്കുളത്തൂര്‍: പുറക്കാട്ടിരിയിലെ തണല്‍ മരങ്ങള്‍ മുറിച്ചുനീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാനുള്ള ഉത്തരവിന്റെ മറവിലാണ് തണല്‍ മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു നീക്കാന്‍ ശ്രമം നടന്നത്. ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ 52,000 രൂപക്കാണ് വിറ്റത്. മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റാമെന്നും മരം പൂര്‍ണ്ണമായും മുറിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പിഡബ്ല്യൂഡി അധികൃതരെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരങ്ങള്‍ മുറിക്കാതെ അധികൃതര്‍ മടങ്ങി. പ്രൊഫ. ടി. ശോഭീന്ദ്രന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
















