പത്തനാപുരം: തോടിനോട് ചേര്‍ന്ന ഭിത്തി ഇടിഞ്ഞ് വീണ് വീട് തകര്‍ന്നു. പാതിരിക്കല്‍ ശാസ്താംകാവ് ഏലയോട് ചേര്‍ന്ന തോട്ടിലേക്ക് കരിങ്കല്‍ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്നാണ് സമീപത്തെ വീട് തകര്‍ന്നത്. ശാസ്താംകാവ് കോളനിയിലെ താമസക്കാരനായ വയലരികില്‍ വീട്ടില്‍ ശെല്‍വരാജിന്റെ വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ചെയ്ത മഴയെ തുടര്‍ന്ന് തോട് കരകവിഞ്ഞ് ഒഴുകി ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു.
കരിങ്കല്‍ ഭിത്തിയും മണ്ണും ഇടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. സമീപത്തെ വീടിന്റെ ബേയ്‌സ്‌മെന്റ് ഇടിഞ്ഞ് താഴുകയും വീടിന്റെ ഭിത്തികള്‍ വിണ്ടുകീറി. ഇഎംഎസ് പദ്ധതി വഴി ലഭിച്ച വീടാണ് തകര്‍ന്നത്. താമസക്കാരെ ബന്ധു വീട്ടിലേക്ക് മാറ്റി.
















