ടെക്സാസ്: ആദ്യ പതിനൊന്നിലെ ഗോള്കീപ്പറൊഴികെയുള്ള പത്തു പേരെയും പുറത്തിരുത്തിയുള്ള പരിശീലകന് ഹോസെ പെക്കര്‍മാന്റെ പരീക്ഷണം പാളി. ഫലം കോപ്പ അമേരിക്ക ഫുട്ബോള്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കോസ്റ്ററിക്കയോട് കൊളംബിയ തോറ്റു (3-2). നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന കൊളംബിയയ്ക്ക് തോല്‍വി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമാക്കി.
അവസാന മത്സരത്തില്‍ പരാഗ്വെയെ മടക്കമില്ലാത്ത ഒരു ഗോളിനു കീഴടക്കി ഗോള്‍ ശരാശരിയില്‍ യുഎസ് ഒന്നാമത്. ഇരു ടീമുകള്‍ക്കും ആറു പോയിന്റ് വീതം. അവസാന കളിയില്‍ കരുത്തരെ കീഴടക്കിയതിന്റെ ആവേശത്തില്‍ കോസ്റ്ററിക്കയ്ക്ക് മടക്കം. മത്സരത്തില്‍ കോസ്റ്ററിക്കയ്ക്കായി ജൊഹാന്‍ വെനഗസ്, സെല്‍സോ ബോര്‍ഗസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഒരു ഗോള്‍ ഫ്രാങ്ക് ഫാബ്രയുടെ സെല്‍ഫ് ഗോള്‍. ഫാബ്രയും മര്‍ലോസ് മൊറെനോയും കൊളംബിയയുടെ സ്കോറര്‍മാര്‍.
സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസ് അടക്കമുള്ള താരങ്ങളെ മാറ്റിയാണ് പെക്കര്മാന് കൊളംബിയയെ വിന്യസിച്ചത്. രണ്ടാം മിനിറ്റില്‍ ജൊഹാന്‍ വെനഗസിലൂടെ കോസ്റ്ററിക്ക മുന്നില്‍. സെലസൊ ബോര്‍ഗസ് ഒരുക്കിയ അവസരം വെനഗസ് ഫിനിഷ് ചെയ്തു. നാലു മിനിറ്റിനു ശേഷം ഫ്രാങ്ക് ഫാബ്രയിലൂടെ കൊളംബിയ ഒപ്പമെത്തി.
താരത്തിന്റെ മികവിനു നിദാന്തമായി ഗോള്‍. മുന്നു പേരെ മറികടന്ന് ബോക്സില്‍ കടന്ന ഫാബ്ര 15 വാരെ അകലെ നിന്നു തൊടുത്ത ഷോട്ട് വലയില്‍. 34ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് മുന്‍തൂക്കം നഷ്ടപ്പെടുത്തി ഫാബ്ര. വെനഗസിന്റെ മുന്നേറ്റം തടയാനുള്ള ശ്രമം പിഴച്ചു. ഇതേ സ്കോറിന് ഇടവേളയ്ക്കു പിരിഞ്ഞു.
മടങ്ങിയെത്തിയ ശേഷവും കോസ്റ്ററിക്ക മുന്‍തൂക്കം നിലനിര്‍ത്തി. സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസിനെ കൊണ്ടുവന്ന് കളി തിരിച്ചുപിടിക്കാന്‍ പെക്കര്മാന് ശ്രമം നടത്തി. എന്നാല്‍, റോഡ്രിഗസിന് മികവു പുലര്‍ത്താനായില്ല. അതിനിടെ, 58ാം മിനിറ്റില്‍ സെലസൊ ബോര്‍ഗസ് കോസ്റ്ററിക്കയ്ക്ക് വീണ്ടും ലീഡ് നല്കി. 73ം മിനിറ്റില്‍ മര്‍ലോസ് മൊറെനോയിലൂടെ ലക്ഷ്യം കണ്ട് കൊളംബിയ ലീഡ് കുറച്ചെങ്കിലും സമനില അകന്നുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: