ലെന്‍സ്: പൊരുതിക്കളിച്ച അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡിന് യൂറോ 2016-ല്‍ വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഫാബിയന്‍ സ്കാറാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡിന് മൂന്ന് പോയിന്റായി.
കളിയുടെ തുടക്കം മുതല്‍ സ്വിറ്റ്സര്‍ലന്‍ഡിനായിരുന്നു മുന്‍തൂക്കം. ആദ്യപകുതിയില്‍ 52 ശതമാനവും പന്ത് കൈവശംവെച്ച സ്വിസ് താരങ്ങള്‍ എട്ട് തവണ അല്‍ബേനിയന്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിച്ചു. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമാണ് വല കുലുങ്ങിയത്. അതേസമയം ഒരിക്കല്‍ മാത്രമാണ് അല്‍ബേനിയന്‍ താരങ്ങള്‍ക്ക് എതിര്‍ഗോള്‍മുഖത്തേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്.
തുടക്കം മുതല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അഞ്ചാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഷഹ്ദാന്‍ സാഖിരി എടുത്ത കോര്‍ണര്‍കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഫാബിയന്‍ സ്കാര്‍ നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്നും സ്വിസ് പോരാളികളുടെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍. അല്‍ബേനിയ ഗോളിയുടെയും പ്രതിരോധത്തിന്റെയും മിടുക്കുകൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ ആദ്യപകുതിയില്‍ വീഴാതിരുന്നത്.
ഇതിനിടെ 32-ാം മിനിറ്റില്‍ അല്‍ബേനിയക്ക് മികച്ച അവസരം ലഭിച്ചെങ്കിലും സ്വിസ് ഗോളിയുടെ ഉജ്ജ്വല പ്രകടനം അവര്‍ക്ക് വിഘാതമായി. 38-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള സ്വിസിന്റെ ശ്രമത്തിന് മുന്നില്‍ പോസ്റ്റ് വിലങ്ങുതടിയായി. ബ്രെലിന് സെമയ്ലി എടുത്ത ഫ്രീകിക്കാണ് പോസ്റ്റില്‍ത്തട്ടി മടങ്ങിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
രണ്ടാം പകുതില്‍ ലീഡ് ഉയര്‍ത്താനായി സ്വിറ്റ്സര്‍ലന്‍ഡും സമനിലക്കായി അല്‍ബേനിയയും വാശിയോടെ പൊരുതിയതോടെ പോരാട്ടം ആവേശകരമായി. രണ്ടാം പകുതിയില്‍ അല്ബേനിയക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളെല്ലാം സ്വിസ് പ്രതിരോധത്തിലും ഗോളിക്ക് മുന്നിലും തട്ടി അവസാനിച്ചതോടെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു വിധി. സ്വിസ് മുന്നേറ്റവും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അല്‍ബേനിയ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.
19ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. അന്ന് റുമാനിയ അല്‍ബേനിയയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: