ചാത്തന്നൂര്‍: നിര്‍ത്താതെ പെയ്യുന്ന മഴ നാശം വിതയ്‌ക്കുന്നു. ജനങ്ങള്‍ക്ക് ദുരിതകാലം. തീരദേശത്തു രൂക്ഷമായ കടല്‍ക്ഷോഭം. ഇത്തിക്കരയാര്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഇത്തിക്കരയാര്‍ കരകവിഞ്ഞത് കാരണം മീനാട് അഞ്ചു വീടുകളില്‍ വെള്ളം കയറി. ഇവര്‍ താല്‍ക്കാലിക ക്യബുകളിലേക്ക്മാറി. മീനാട് മാവിളയില്‍ വയലില്‍ വീട്ടില്‍ രാഘവന്‍പിള്ള, വയലില്‍ വീട്ടില്‍ പ്രദീപ്, മധുഭവനില്‍ മധു, വയലില്‍ വീട്ടില്‍ മോഹനന്‍, വയലില്‍വീട്ടില്‍ തമ്പി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ചിറക്കര പഞ്ചായത്തിലെ താഴംതെക്ക് കോതേരി ജംഗ്ഷനില്‍ സുമതിയുടെ വീടിന്റെ മേല്‍കൂര പൂര്‍ണമായും ഭിത്തികള്‍ ഭാഗികമായും തകര്‍ന്നു. ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം തണ്ണീര്‍കോണം പൂവണത്തറ ഏലാപാലം തകര്‍ന്നു. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വേളമാനൂര്‍ അബേദ്ക്കര്‍ കോളനി റോഡിലെ അരീക്കല്‍ പാലം തകര്‍ന്നു. ഇത്തിക്കരയാറിന്റെ ആഴമുള്ള ഭാഗത്തെ തീരപ്രദേശങ്ങളായ കുമ്മല്ലൂര്‍, അടുതല, തോട്ടവാരം, ഇത്തിക്കര മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്നും ആള്‍ക്കാര്‍ വീടുകളിലെ സാധനങ്ങള്‍ മാറ്റികഴിഞ്ഞു.
ഇരവിപുരത്തെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. നൂറുകണക്കിന് വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്.
കടല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ കടല്‍ തീരത്തേക്ക് അടിച്ചുകയറുകയാണ്. തെങ്ങുകള്‍ ഉള്‍പ്പടെ ഒട്ടേറെ മരങ്ങള്‍ കടപുഴകി. മണല്‍ ചാക്കുകളും പാറകളും ഇട്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരയുടെ തീവ്രത കൂടുതലായതിനാല്‍ ഒന്നും ഫലം കാണുന്നില്ല.
പുതിയതായി പണിഞ്ഞ റോഡുകള്‍ അടക്കമുള്ള തീരദേശ റോഡുകള്‍ ഭൂരിഭാഗവും കടലെടുത്തുകഴിഞ്ഞു. നൂറോളം വീടുകള്‍ കടലാക്രമണഭീഷണിയിലാണ്. കാക്കതോപ്പ്, കുരിശിന്‍മൂട്, തെക്കുംഭാഗം ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. ഇവിടെ റോഡിലേക്ക് കടല്‍ കടന്നെത്താവുന്ന സ്ഥിതിയാണ്.
















