പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്ക സ്വീകരിച്ചത് വന്‍താരത്തെ പോലെയെന്നാണ് പാക്കിസ്ഥാന്‍ ദിനപത്രം ‘ദി നേഷന്‍’ എഴുതിയത്. സൂഷ്മബുദ്ധിയുള്ള, അതിസാമര്‍ഥ്യക്കാരനായ രാഷ്‌ട്രീയക്കാരനാണ് നരേന്ദ്ര മോദിയെന്നും ശത്രുക്കളില്‍നിന്നുപോലും നേട്ടമുണ്ടാക്കുമെന്നും മോദിയുടെ പ്രഥമ അമേരിക്കന്‍ സന്ദര്‍ശനത്തെ വിശകലനം ചെയ്ത് രണ്ടുവര്‍ഷം മുന്‍പ് ഈ പത്രം എഴുതി. ഭാരതത്തിന്റെ രാഷ്‌ട്രീയസൈനിക നേട്ടമാണ് മോദി ലക്ഷ്യമിടുന്നതെന്നും പാക് പത്രം മുന്നറിയിപ്പ നല്‍കി. പാക്പത്രം പറഞ്ഞതിലും മേലെയാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് തെളിയിക്കുന്നതായിരുന്നു അമേരിക്കന്‍ കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 45 മിനിറ്റ് ഇംഗഌഷില്‍ ഭരതപ്രധാനമന്ത്രി കത്തിക്കയറിയപ്പോള്‍ ഏഴ് തവണയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടി നല്‍കിയത്. മികച്ച പ്രാസംഗികനായ, വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദിയെ അവര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ തകര്‍പ്പന്‍ പ്രസംഗത്തിലൂടെ ഭാരത പ്രധാനമന്ത്രി അമേരിക്കക്കാരെ കൈയിലെടുത്തു എന്നുപറയുന്നതാകും ശരി. ഭാരതം കണ്ട കരുത്തനായ പ്രധാനമന്ത്രി മോദിയാണെന്നത് അരക്കിട്ട് ഉറപ്പിക്കാന്‍ പോന്നതായിരുന്നു മോദിയുടെ അമേരിക്കന്‍ നിയമനിര്‍മാണസഭയിലെ പ്രസംഗം.
ഭാരതത്തിലെയും അമേരിക്കയിലെയും പാര്‍ലമെന്റുകളെ താരതമ്യം ചെയ്ത്, തന്നെ ജോയിന്റ് കോണ്‍ഫറന്‍സിനു ക്ഷണിച്ചതിലുള്ള അഗാധമായ നന്ദി രേഖപ്പെടുത്തിയാണ് മോദി പ്രസംഗം ആരംഭിച്ചത്. ‘ക്യാപ്പിറ്റോളിന്റെ’ അതിമനോഹരമായ കവാടം തനിക്കുവേണ്ടി തുറന്നുതന്നതിനുള്ള നന്ദിയായിരുന്നു പിന്നാലെ. ഇവിടുത്തെ ജനാധിപധ്യത്തിന്റെ ശ്രീകോവിലിന് ലോകത്തിലെ മറ്റുരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ കരുത്ത് നല്‍കുവാനും സാധിച്ചു എന്നു മോദി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയടിച്ചു.
ലോകത്തിലെ ഓരോ മനുഷ്യനെയും തുല്യതയോടുകൂടിയാണ് ഭൂമിയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത് എന്ന എബ്രഹാം ലിങ്കന്റെ വാചകങ്ങള്‍ കടമെടുത്തുകൊണ്ട് മോദി പറഞ്ഞപ്പോഴും കയ്യടി ഉയര്‍ന്നു. ഈയൊരവസരം തന്നതിലൂടെ നിങ്ങള്‍ ആദരിച്ചിരിക്കുന്നത് ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപധ്യത്തെയും, അതുപോലെതന്നെ അവിടുത്തെ 125 കോടി ജനങ്ങെളയുമാണ് എന്ന വാക്കുകള്‍ക്കും കിട്ടി കരഘോഷം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപധ്യത്തിന്റെ നേതാക്കളുടെ മുന്നില്‍നിന്ന് പ്രസംഗിക്കുന്നതില്‍… എന്ന വാക്കുകള്‍ക്കും കയ്യടി ഉയര്‍ന്നു. ഭാരത സ്വാതന്ത്ര്യസമരത്തെ പരാമര്‍ശിച്ച് 72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിനു ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനുവേണ്ടി പൊരുതി ജീവത്യാഗം ചെയ്തു എന്നു മോദി പറഞ്ഞപ്പോഴും കൈയടി ഉയര്‍ന്നു.
ലോകജനത സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍വേണ്ടിയാണ് അവര്‍ അവരുടെ ജീവന്‍ ബലികഴിച്ചതെന്നും മോദി പറഞ്ഞു. ഞാനും ഭാരതവും ആദരിക്കുന്നു, മനുഷ്യവകാശത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ഓരോ പുരുഷനെയും വനിതയും ഓര്‍ത്ത് എന്ന മോദിയുടെ വാക്കുകളെ അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചാണ് സ്വീകരിച്ചത്. ഭാരതത്തിനറിയാം ഇതിന്റെ അര്‍ഥം എന്താണെന്ന്. കാരണം ഞങ്ങളുടെ ജവാന്മാരും ദൂരെ അതിര്‍ത്തികളില്‍ ഇതേ കാരണത്തിന് മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതും ശക്തമായ ഒരു കാരണമാണ്.
നമ്മുടെ ഇരുരാജ്യങ്ങളും വ്യത്യസ്തമായ സംസ്‌കാരവും വിശ്വാസവുംകൊണ്ട് ഉണ്ടാക്കിയെടുത്തതാകാം. പക്ഷെ നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം രണ്ടുരാജ്യങ്ങലേക്കും പൊതുവയുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം വ്യത്യസ്തങ്ങളായ ഭാഷകളും സംസ്‌കാരങ്ങളും ഭാരതത്തിനകത്ത് തന്നെ ഉള്ളപ്പോള്‍, ഞങ്ങള്‍ ഭാരതീയര്‍ ഏകമനസ്സോടെ ജീവിക്കുന്നു, ഞങ്ങള്‍ ഒന്നായി വളരുന്നു, ഞങ്ങള്‍ ഒന്നായി ആഘോഷിക്കുന്നു എന്ന വാക്കുകള്‍ക്കും കരഘോഷം മുഴങ്ങി.’സിവില്‍ ഡിസ് ഒബീഡിയന്‍സ് മൂവെമെന്റ്’ എങ്ങനയാണോ അമേരിക്കന്‍ മനസ്സുകളെ സ്വാധീനിച്ചത് അതേപോലെ സ്വാമി വിവേകാനന്ദന്‍ തന്റെ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞതും നമ്മളെ സ്വാധീനിച്ചിട്ടുണ്ടെന്ന മോദിയുടെ വാക്കുകളേയും വരവേറ്റത് നീണ്ട െകെയടിയാണ്. ഗാന്ധിജിയുടെ അഹിംസാവാദം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ സ്വാധീനിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു. വെറും മൂന്നു മൈല്‍ ദൂരത്തിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റേയും ഗാന്ധിജിയുടെയും പ്രതിമകള്‍ വാഷിങ്ടണില്‍ ഇന്ന് സ്ഥിതിചെയ്യുന്നത് എന്ന വാക്കുകള്‍ക്കും കിട്ടി കൈയടി. ഈ ഒരു അടുപ്പം അവര്‍ രണ്ടുപേരും വിശ്വസിച്ചിരുന്ന തത്വങ്ങളിലും കാണാം. അടല്‍ ബിഹാരി വാജ്‌പേയി ഭാരതത്തെയും അമേരിക്കയെയും സ്വാഭാവിക കൂട്ടുകെട്ട് എന്നാണ് വിശേഷിപ്പിച്ചത് എന്നു മോദി പറഞ്ഞതിനേയും കൈയടിയോടെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.
അമേരിക്കന്‍ നിയമനിര്‍മ്മാണസഭകളെ അഭിസംബോധന ചെയ്യുന്ന ആദ്യഭാരത പ്രധാനമന്ത്രിയല്ല നരേന്ദ്ര മോദി. എന്നാല്‍ ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്കയുടെ ഏറ്റവും ഉന്നതസഭ അഞ്ചുമിനിറ്റു നീണ്ട കരഘോഷത്തിലൂടെ നല്‍കിയ വന്‍വരവേല്‍പ്പ് പ്രധാനമന്ത്രി എന്ന നിലയ്‌ക്കുള്ള മോദിയുടെ വന്‍നേട്ടമായെന്ന കാര്യത്തില്‍ സംശയമില്ല. ഭാരതത്തിലെ അസഹിഷ്ണുതയെക്കുറിച്ച് പാശ്ചാത്യലോകത്ത് പരക്കുന്ന കഥകള്‍ ഖണ്ഡിക്കാനും പാകിസ്ഥാനിലെ ഭീകരവാദം ചര്‍ച്ചയില്‍ കൊണ്ടുവരാനും മോദിക്കായി.പ്രസംഗത്തിലുടനീളം അമേരിക്കയില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്ന രാജ്യമല്ല ഭാരതം, മറിച്ച് പങ്കാളിയാണ് എന്നാണ് മോദി പറയാന്‍ ശ്രമിച്ചത്. എന്‍എസ്ജിയില്‍ അംഗത്വത്തിനായുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പിന്തുണ നേടാന്‍ മോദിയുടെ ഇടപെടലിലൂടെ സാധിച്ചു. ഭീകരവാദവും രാജ്യംനേരിടുന്ന സുരക്ഷാ ഭീഷണികളുമെല്ലാം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദി നടത്തിയ പ്രസംഗം. പ്രസംഗത്തിന് ഒടുവില്‍ അമേരിക്കന്‍ ദേശീയ ഗാനത്തിലെ വരികളും കടമെടുത്ത് തന്റെ ആശയം വ്യക്തമാക്കിയ മോദിയെ കോണ്‍ഗ്രസിലെ എംപിമാര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.
‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിവഴി തുടങ്ങാനിരിക്കുന്ന ആയുധ വ്യവസായങ്ങള്‍ക്ക് നിര്‍ദിഷ്ട കരാര്‍ വഴി ആഗോളവിപണയിലത്തൊനാകും. ഭാരതത്തിന്റെ ആയുധ, മിസൈല്‍ സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം യുഎസ് ഒരുക്കുകയും ചെയ്യും. ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) ഉള്‍പ്പെടുത്തുന്നതിനുള്ള ഭാരതത്തിന്റെ അപേക്ഷയില്‍ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.
നരേന്ദ്ര മോദിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഗതകാലത്തിന്റെ ശങ്ക മാറ്റിവച്ച് പുതിയൊരു കൂട്ടുകെട്ടിന് മോദിയുടെ സന്ദര്‍ശനവും അമേരിക്കന്‍ നിയമനിര്‍മ്മാണസഭയിലെ പ്രസംഗവും ഭാരതത്തിനും അമേരിക്കയ്‌ക്കും വഴികാട്ടിയാവും.
















