കൊല്ലം: തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഉപകാരസ്മരണക്കും ന്യൂനപക്ഷത്തിന്റെ പ്രീതി ലഭിക്കുന്നതിനും മന്ത്രിസ്ഥാനം അലങ്കരിച്ചുകൊണ്ട് ഹൈന്ദവസമൂഹത്തെയും സന്യാസിമാരെയും അവഹേളിക്കുന്ന മന്ത്രി ജി.സുധാകരന്‍ സാംസ്‌കാരികകേരളത്തിന് അപമാനമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍.
മന്ത്രി ആയപ്പോഴേക്കും മറ്റുള്ളവരുടെ അടിവസ്ത്രത്തെ കുറിച്ച് ഗവേഷണവും കവിതയും എഴുതുന്നത് അപകര്‍ഷത കൊണ്ടാണ്. ഇത് തുടര്‍ന്നാല്‍ ധരിച്ചത് കാണിച്ചുകൊടുക്കേണ്ട ഗതികേട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും കമ്മിറ്റിഅംഗങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നരഹത്യക്ക് കേസെടുക്കുകയും ചെയ്തത് ഗൂഡമായ ഉദ്ദേശം വച്ചാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രാമത്ത് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും മൂലദേവിസ്ഥാനത്തിന്റെ മതില്‍കെട്ട് പൊളിക്കുകയും ചെയ്തവര്‍ക്കെതിരെ യാതൊരു നടപടിയും പോലീസ് എടുത്തിട്ടില്ലെന്നും ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള, ജില്ലാ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വിജയമോഹനന്‍, ഹരിഹരസ്വാമി, കൊച്ചുനാരായണന്‍, വാളത്തുംഗല്‍ അശോകന്‍, രമേശ്ബാബു, ബി.സുരേഷ്ബാബു, ഡോ.മോഹന്‍ലാല്‍, രാജേന്ദ്രന്‍, ടി.സജീവ് എന്നിവര്‍ സംസാരിച്ചു.
















