കണ്ണൂര്‍: കല്ല്യാശേരിയില്‍ സിപിഎം ഊരുവിലക്കിനെത്തുടര്‍ന്ന് വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് അടച്ചുപൂട്ടിച്ചു. പാര്‍ട്ടിഗ്രാമങ്ങളില്‍ സിപിഎം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള കാരണം. കല്ല്യാശേരി പഞ്ചായത്ത് ഓഫീസിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.നീത പി. നമ്പ്യാരുടെ വി.ബി. ക്ലിനിക്കാണ് അടച്ചുപൂട്ടേണ്ടി വന്നത്.
സിപിഎമ്മിനെതിരെ ഡോക്ടറുടെ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതല്‍ വീടിനും ക്ലിനിക്കിനും നേരേ സിപിഎമ്മുകാര്‍ നിരന്തരം അക്രമം നടത്തിവരികയായിരുന്നു. പോലീസ് സുരക്ഷയോടെയായിരുന്നു ഡോക്ടറും അമ്മയും വോട്ട് ചെയ്തത് പോലും. ഫലം വന്ന ദിവസം വീട്ടിനു മുന്നിലെത്തി ഡോക്ടറേയും മകളേയും അസഭ്യവര്‍ഷം നടത്തിയ സിപിഎം സംഘം വീട്ടിനകത്തേക്ക് മാലപ്പടക്കം പൊട്ടിച്ചെറിഞ്ഞു. ക്ലിനിക്കിന് പുറത്ത് രോഗികള്‍ക്ക് ഇരിക്കാനായി ഒരുക്കിയിരുന്ന കസേരകള്‍ ഉള്‍പ്പെടെയുളള പലസാധനങ്ങളും സിപിഎം സംഘം എടുത്തു കൊണ്ടുപോയി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ക്ലിനിക്കിന് മുകളില്‍ ഡ്രില്‍ ചെയ്ത് ഉറപ്പിച്ചിരുന്ന രണ്ട് ബോര്‍ഡുകളും മുറിച്ചെടുത്ത് കൊണ്ടുപോയി. പലതവണ കണ്ണപുരം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തി ക്ലിനിക്ക് തകര്‍ക്കുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുകയും രോഗികളുടെ മുന്നില്‍വെച്ച് അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു. ക്ലിനിക്കിനകത്തും സ്ഥാപനത്തിലേക്കുളള വഴികളിലും മാലിന്യം നിക്ഷേപിക്കുന്നതും പതിവ്. പോലീസിന്റെ മുന്നില്‍വെച്ചു പോലും സിപിഎം സംഘം അപമാനിക്കുകയും തെറിയഭിഷേകം നടത്തിയതായും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ഡോക്ടറെ കാണാനെത്തുന്ന രോഗികളെ തിരിച്ചയച്ച്, ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സിപിഎം സംഘം ഭീഷണിമുഴക്കിയിരുന്നു. ഭീഷണിയും അക്രമവും തുടരുന്ന സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ ഡോക്ടര്‍ ക്ലിനിക്ക് അടച്ചുപൂട്ടിയത്. ക്ലിനിക്കിന് താഴെ പ്രവര്‍ത്തിക്കുന്ന സിപിഎം നേതൃത്വത്തിലുളള കുടുംബശ്രീ ഹോട്ടലിലെ വനിതകളെ ഉപയോഗിച്ച് ഡോക്ടര്‍ക്കെതിരെ കള്ളക്കേസും കൊടുപ്പിച്ചു.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയില്‍ ഡോ. നീത പരാതി നല്‍കിയെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയായതിനാല്‍ അവരും പ്രശ്നത്തിലിടപെടാന്‍ തയ്യാറായില്ല. ക്ലിനിക്ക് തുറന്നാല്‍ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മടിയില്ലാത്തവരായതിനാല്‍ ഇനി എന്തു ചെയ്യുമെന്ന് തനിക്കറിയില്ലെന്ന് ഡോ. നീത പറഞ്ഞു. പഠിച്ച ജോലി ചെയ്യാന്‍ അനുവദിക്കാത്ത സിപിഎം കാട്ടാളത്തത്തെ നേരിടാനാവാതെ പാര്‍ട്ടിഗ്രാമത്തില്‍ ജീവിക്കുകയാണ് ഡോ. നീതയും കുടുംബവും. സിപിഎം ശക്തികേന്ദ്രമായ കല്ല്യാശേരിയില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനം അനുവദിക്കാറില്ല. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ ഊരുവിലക്കുള്പ്പെടെയുള്ള പീഡനങ്ങള്‍ക്ക് വിധേയരാക്കുന്ന സിപിഎം നേതൃത്വത്തിന്റെ നടപടിക്ക് മറ്റൊരു ദൃഷ്ടാന്തമാണ് ഡോക്ടര്‍ക്ക് നേരെയുള്ള അതിക്രമം. ഡോ.നീത പി. നമ്പ്യാര്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: