പത്തനാപുരം: പഞ്ചായത്ത് വക സ്ഥലത്ത് പരിസ്ഥിതിദിനത്തില്‍ നട്ട വൃക്ഷതൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പിറവന്തൂര്‍ ജംഗ്ഷനില്‍ ലൈബ്രറി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് അധീനതയിലുളള മൂന്ന് സെന്റ് സ്ഥലത്തില്‍ നിന്നിരുന്ന വൃക്ഷതൈകളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതിദിനത്തില്‍ പിറവന്തൂരിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ നട്ടുപിടിപ്പിച്ചവയാണ് നശിപ്പിച്ചത്. പരിസ്ഥിതിദിനാചരണത്തിന്റ ഭാഗമായി തൈകള്‍ക്ക് സംരക്ഷണവേലി കെട്ടുന്നതിനായി കമ്പും കയറും സംഘടിപ്പിച്ച് വേലി നിര്‍മ്മാണത്തിന് എത്തിയപ്പോഴാണ് വെട്ടിയൊടിച്ചിട്ടിരുന്നത് കാണുന്നത്. ഓട്ടോ തൊഴിലാഴികള്‍ വിരമറിയിച്ചതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല, അംഗങ്ങളായ ചിത്രജ, നിഖില്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് വക സ്ഥലം കയ്യേറുന്നതിനായുളള ശ്രമമാണിതെന്ന നാട്ടുകാരുടെയും ഓട്ടോതൊഴിലാളികളുടേയും പരാതിയെ തുടര്‍ന്ന് സ്ഥലം സംരക്ഷിക്കുന്നതിന് നടപടികളെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല അറിയിച്ചു.
















