പരപ്പനങ്ങാടി: പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോഴും പരപ്പനങ്ങാടി നഗരസഭയിലെ ആറാം ഡിവിഷനായ മൊടുവിങ്ങലില്‍ മഴക്കാലപൂര്‍വ്വ ശുചീകരണങ്ങള്‍ നടന്നില്ലെന്ന് പരാതി ഉയരുന്നു. ചെട്ടിപ്പടി-ചേളാരി റോഡില്‍ മൊടുവിങ്ങല്‍ ബസ് സ്റ്റോപ്പിന്റെ കിഴക്കുഭാഗത്തായി വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
സമീപത്തെ ലീഗ് നേതാവിന്റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡ് മണ്ണിട്ടുയര്ത്തിയതിനാലാണ് ഇവിടെ വെള്ളം കെട്ടി നിന്ന് റോഡ് തകരുന്നത്. വെള്ളക്കെട്ട്കാരണം തൊട്ടടുത്ത ആനപ്പടി ജിഎല്‍പി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം നടന്നു പോകാനാകാത്ത അവസ്ഥയിലാണ്.
കോയംകുളം ഐസ് കമ്പനിക്ക് സമീപം തോട്ടില്‍ തള്ളിയ കക്കൂസ് മാലിന്യങ്ങളും മഴ പെയ്തതോടെ പരന്നൊഴുകുകയാണ്. തൊട്ടടുത്ത ആരാധനാലയത്തിലെ ശൗചാലയ മാലിന്യങ്ങളും നേരെ പൈപ്പുവഴി റോഡരികിലെ തോട്ടിലേക്കാണ് തള്ളുന്നത്. കുപ്പിവളവ് മുതല്‍ ഝാന്സിനഗര് വരെയുള്ള ഭാഗങ്ങളിലെ ഓടകള്‍ നിരന്തരമാലിന്യ നിക്ഷേപം കാരണം ദുര്‍ഗന്ധം വമിക്കുകയാണ്.
ചിറയില്‍ നിന്നും കുണ്ടന്പാടത്തേക്കുള്ള തോടും വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനാല്‍ സമീപ വീടുകളിലെ കിണര്‍ വെള്ളമടക്കം മലിനമാകുകയാണ്. മൊടുവിങ്ങല്‍ ഡിവിഷനിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: