വെട്ടത്തൂര്‍: പെരിന്തല്‍മണ്ണ താലൂക്കിലെ വെട്ടത്തൂര്‍ വില്ലേജ് ഓഫീസില്‍ മഴ വന്നാല്‍ പിന്നെ കുട പിടിച്ച് ഇരിക്കണം. മഴയത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്നത് വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്ക് നരകയാതനയായി മാറിയിരിക്കുകയാണ്. അധികാരികള്‍ അവഗണിച്ച ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും സ്ഥലം മാറ്റം വാങ്ങി പോകാനാണ് മിക്ക ജീവനക്കാര്‍ക്കും ആഗ്രഹം. തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ വികസന പെരുമഴയെന്ന് വീമ്പിളക്കിയ മുന്‍ മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയുമായ മഞ്ഞളാംകുഴി അലിയുടെ മണ്ഡലത്തിലാണ് ചോര്‍ന്നൊലിക്കുന്ന ഈ വില്ലേജ് ഓഫീസ്.
പതിറ്റാണ്ടുകളോളം സുഗമമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലെത്തുന്നത്. വിണ്ടുകീറിയ ഭിത്തികളിലൂടെ മഴവെള്ളം കയറാന്‍ തുടങ്ങിയതോടെ താല്‍ക്കാലിക പരിഹാരമായി ആസ്ബസ്റ്റോസ് ഷീറ്റിട്ട് മേയുകയും ചെയ്തു. എന്നാല്‍, സമീപത്തെ വ്യക്ഷങ്ങളുടെ ശിഖരങ്ങളും മറ്റും വീണ് ഷീറ്റുകള്‍ മുഴുവന്‍ പൊട്ടി. അതോടെ മഴവെള്ളം ഒരുതുള്ളി പോലും പുറത്തുപോകില്ല.
കൃത്യമായി ഓഫീസിനുള്ളില്‍ തന്നെ വീഴും. ഇതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടുമില്ല. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധിക്യതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: