ചങ്ങനാശ്ശേരി: ബിഎംഎസ് പ്രവര്‍ത്തകനായ തൊഴിലാളിയുടെ വലതുകാലും ഇടതുകയ്യും സിപിഎം അക്രമിസംഘം തല്ലിയൊടിച്ചു. പാറയ്‌ക്കല്‍ കലുങ്ക് കൊച്ചുപുരയ്‌ക്കല്‍ സജിത് (28) നാണ് അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റത്. അക്രമത്തില്‍ ഇദ്ദേഹത്തിന്റെ പിതാവ് സഹദേവന് തലയ്‌ക്ക് മാരക മുറിവേറ്റു. മാതാവ് ഉഷയ്‌ക്കും ഊമയും ബധിരയുമായ സഹോദരി സചിത്രയ്‌ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒമ്പരയോടെയാണ് അക്രമം. മത്സ്യവ്യാപാരികളായ ഇരുവരും കടയടച്ച് വീട്ടിലേക്ക് മടങ്ങിവരവെ പതിയിരുന്ന സംഘം മാരകായുധങ്ങളുമായി പാഞ്ഞെത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍നിന്നും രക്ഷപെടാനായി വീടിലേക്ക് ഓടിക്കയറിയ ഇവരുടെ പിന്നാലെ അക്രമി സംഘവും വീട്ടിലെത്തി. ഈ സമയത്താണ് സജിത്തിന്റെ മാതാവിനും സഹോദരിക്കും മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നാലുപേരും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മധു, ആദര്‍ശ് മധുപാല്‍,മനേഷ്‌കുമാര്‍, പ്രേരാജ്, ചിന്തുപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പോലീസ് കേസ്സ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ബിഎംഎസ് മേഖലാ കമ്മറ്റി ആരോപിച്ചു. സഹദേവന്റെ മാത്രം മൊഴിയെടുത്ത് ദുര്‍ബ്ബലമായ വകുപ്പുകള്‍ ചുമത്തി നാമമാത്രമായ കേസ്സെടുക്കാനാണ് പോലീസിന്റെ ശ്രമം. ഏഴോളം പ്രതികള്‍ ഉള്ളതായി സഹദേവന്‍ മൊഴിനല്‍കിയെങ്കിലും നാലുപേരെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്. പ്രതികളെ ഇതുവരെ പിടികൂടാനും പോലീസ് തയ്യാറായിട്ടില്ല. സജിത്തിന്റെയും സഹദേവന്റെയും കഴുത്തിലുണ്ടായിരുന്ന നാലുപവന്‍ തൂക്കം വരുന്ന മാലകളും 31,000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കേസ്സ് ദുര്‍ബ്ബലമാക്കാനുള്ള ശ്രമത്തിനെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിഎഎംഎസ് നേതൃത്വം അറിയിച്ചു.
















