കൊട്ടാരക്കര: ഗ്രാമീണമേഖലയിലെ വിദ്യാലയ മുത്തശിക്ക് ഇന്ന് നൂറാം പിറന്നാള്‍. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഗവര്‍ണര്‍ എത്തുന്നതിന്റെ ആനന്ദലഹരിയിലാണ് ഇപ്പോള്‍ ചക്കുവരക്കല്‍ ഗ്രാമം. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആധിക്യം വിദ്യാലയ മുത്തശിയെ ഇടക്കാലത്ത് ഒന്ന് ക്ഷീണിപ്പിച്ചുവെങ്കിലും മൂന്ന് കൊല്ലമായി പത്താംതരത്തില്‍ നൂറുമേനി നേടി പഴയ പ്രൗഡിയിലേക്ക് സ്‌കൂള്‍ എത്തി.
നൂറ് വര്‍ഷത്തിനിടയില്‍ ഒട്ടേറെ പ്രഗത്ഭരെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ സ്‌കൂളിന് കഴിഞ്ഞു. മംഗലാപുരം കളക്ടര്‍ പി.കെ.ശ്രീവിദ്യ ഇവരില്‍ ഒരാളാണ്. വാഹനസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പഠനസൗകര്യത്തിനു വേണ്ടി 1916 ല്‍ പത്ത് കുട്ടികളുമായി എല്‍പി സ്‌കൂളായിട്ടാണ് ആരംഭം. 1980 ല്‍ യുപി സ്‌കൂളായും 2013ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തി. അധികൃതരുടെ അവഗണനയും പരാധീനതകളും മാറ്റിവച്ച് സ്‌കൂള്‍ ഉന്നതനിലയിലെത്തിക്കാന്‍ നാട്ടുകാരും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ തുടര്‍ച്ചയായി നൂറുമേനി സ്‌കൂളിനെ തേടിയെത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടെ കുട്ടികളുടെ എണ്ണത്തിലും വര്‍ഷംതോറും വര്‍ധനവ് ഉണ്ടായി എന്നുമാത്രമല്ല കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനും കഴിഞ്ഞു. ഇപ്പോള്‍ നാനൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ഇതോടെ വിദ്യാലയ മുത്തശിയുടെ നൂറാംപിറന്നാള്‍ ആഘോഷമാക്കാന്‍ നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും തീരുമാനമെടുത്തു. ഇന്നത്തെ സുദിനത്തിനായി നാട് അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ഉച്ചക്ക് 2.30ന് ഗവര്‍ണര്‍ സദാശിവം തിരിതെളിയിക്കുന്നതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
















