കോസല രാജാവ് നഗ്നജിത്തിന്റെ മകള്‍ സത്യ, അവളുടെ വിവാഹം സമാഗതമായി. അക്കാലത്ത് രാജാവിന്റെ അധീനതയില്‍ അതിശക്തരായ ഏഴ് കാളകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം മൂക്കുകയര്‍ ഇടാത്തവയും തീരെ മെരുക്കം ഇല്ലാത്തവയുമായിരുന്നു. അവയെ ബന്ധിക്കുന്നവനേ തന്റെ മകളെ വിവാഹം ചെയ്തു നല്‍കൂ എന്ന് രാജാവ് നിശ്ചയിച്ചിരുന്നു. അതിനായി അനേകം രാജകുമാരന്മാര്‍ കോസല രാജ്യത്ത് വന്നുകൊണ്ടിരുന്നു. കാളകളോട് തോല്‍ക്കുകയായിരുന്നു അവരെല്ലാവരും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു ദിവസം നഗ്നജിത്തിന്റെ കൊട്ടാരത്തിലെത്തി. രാജാവ് ഏറെ സന്തോഷത്തോടെ ഭഗവാനെ സ്വീകരിച്ചിരുത്തുകയായിരുന്നു. ”രാജാവേ യാചന ക്ഷത്രിയര്‍ക്ക് നിഷിദ്ധമാണ്.
എങ്കിലും ബന്ധുത്വം ആഗ്രഹിച്ച് അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അക്കാര്യം അങ്ങയോട് ഉണര്‍ത്തിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇങ്ങനെയെല്ലാം ഭഗവാന്റെ അരുളപ്പാട്‌കേട്ട് മഹാരാജാവ് പറഞ്ഞു. ”ഭഗവാനേ, സകലവിധ ഗുണങ്ങളുടെയും വിളനിലമായ നിന്‍തിരുവടിയേക്കാള്‍ എന്റെ മകള്‍ക്ക് അനുരൂപനായി മറ്റാരെ കിട്ടും? ഇവിടെയുള്ള ഏഴു കാളകളെ ബന്ധിക്കുന്നവര്‍ക്കേ എന്റെ മകളെ വിവാഹം ചെയ്തുകൊടുക്കൂ എന്നു പ്രതിജ്ഞ ഞാന്‍ എടുത്തിട്ടുണ്ട്.
അതു സഫലമാക്കിത്തരാന്‍ ദയവുണ്ടാകണം. താമസിയാതെ തന്നെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏഴു സ്വരൂപം സ്വീകരിക്കുകയും അവിടെ ഉണ്ടായിരുന്ന ഏഴ് കാളകളെയും നിമിഷനേരംകൊണ്ട് ബന്ധിക്കുകയുംചെയ്തു. കൊട്ടാരത്തിലുള്ള സകലര്‍ക്കും രാജാവിനും മകള്‍ സത്യക്കും ഇതേറെ സന്തോഷത്തിന് വക നല്‍കി.
അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ ഭഗവാന്റെയും സത്യയുടെയും വിവാഹം സമംഗളം നടന്നു. മഹാരാജാവ് നവവധൂവരന്മാരെ അനുഗ്രഹിക്കുകയും ധാരാളം സമ്മാനങ്ങള്‍ കൊടുക്കുകയും അവയെല്ലാം സ്വീകരിച്ച് സത്യയോടുകൂടി ഭഗവാന്‍ തേരിലേറി ദ്വാരകയിലേക്ക് പുറപ്പെട്ടു. സത്യയെ മോഹിച്ചിരുന്നവര്‍ വെറുതെയിരുന്നില്ല. യുദ്ധത്തിനായി അവര്‍ വധൂവരന്മാര്‍ സഞ്ചരിച്ചിരുന്നരഥത്തിനു മുന്നിലേയ്‌ക്ക് ചാടി വീണു. വില്ലാളി വീരനായ അര്‍ജ്ജുനനാണ് ഇവരെയെല്ലാം തോല്‍പ്പിച്ചയച്ചത്.
















