കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ കോഴിക്കോടിന് ഏറെ നേട്ടം. ഇന്നലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ബന്ദാരുദത്താത്രേയ എന്നിവരാണ് കോഴിക്കോടിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
കോഴിക്കോട് മെഡിക്കല്‍കോളേജിന് 120കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. മെഡിക്കല്‍കോളേജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രസഹായം ലഭിക്കുക. സംസ്ഥാനസര്‍ക്കാര്‍ 30 കോടി രൂപ നല്‍കും. പ്രധാനമന്ത്രി സുരക്ഷ സാസ്ഥ്യയോജനയുടെ മൂന്നാംഘട്ടമായാണ് തുക അനുവദിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വിശദമായ പദ്ധതികള്‍ക്കായി താന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം ദേശീയനിലവാരത്തില്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍കോളേജിലെ കാന്‍സര്‍ കെയര്‍ യൂണിറ്റിന് 25 കോടി രൂപയാണ് അനുവദിച്ചത്. സാധാരണക്കാരായ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് തൊഴില്‍മന്ത്രി ബന്ദാരുദത്താത്രേയയുടെ പ്രഖ്യാപനം. ജില്ലയിലെ നാല് ഇഎസ്‌ഐ ഡിസ്‌പെന്‍സറികളാണ് ആശുപത്രികളായി ഉയര്‍ത്തുന്നത്. മാവൂര്‍, ചാലപ്പുറം, എരഞ്ഞിപ്പാലം, കുന്നത്ത്പാലം എന്നീ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളാണ് ആറ് കിടക്കകള്‍ വീതമുള്ള ആശുപത്രിയായി ഉയര്‍ത്തുന്നത്. ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ അതാത് ഡിസ്‌പെന്‍സറികളില്‍ രജിസ്ട്രര്‍ ചെയ്ത തൊഴിലാളികള്‍ക്ക് മികച്ച വൈദ്യസഹായം ലഭിക്കും. നിര്‍മ്മാണ തൊഴിലാളികളെ ഇഎസ്‌ഐ, ഇപിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നല്‍കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബൃഹത്പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ കാരണം നടപ്പിലാകാതെ പോയി. ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് പദ്ധതി ആരംഭിച്ചുകഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി ഡയാലിസിസ് നല്‍കുന്ന പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാകാതെ പോയത്. ഡയാലിസിസിന് വന്‍സാമ്പത്തിക ചെലവ് വരുമ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവത്തില്‍ പദ്ധതി നടപ്പാകാതെ പോയത്.
















