കോഴിക്കോട്: ജന്മഭൂമി മുന്‍ ചീഫ്എഡിറ്ററും തപസ്യ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന വി.എം. കൊറാത്ത് അനുസ്മരണത്തിന്റെ ഭാഗമായി മാധ്യമ നിഷ്പക്ഷതയെക്കുറിച്ച് നടന്ന ചര്‍ച്ച സമകാലീന സാഹചര്യത്തില്‍ പ്രസക്തമായി.
അടിയന്തിരാവസ്ഥക്കാലത്ത് മാധ്യമ നിഷ്പക്ഷതയെ ചങ്കൂറ്റത്തോടെ ഉയര്‍ത്തികാണിച്ച വി.എം. കൊറാത്തിന്റെ ധീരതയെ നന്ദിയോടെയേ സ്മരിക്കാന്‍ കഴിയൂവെന്ന് കേസരി മുന്‍ പത്രാധിപര്‍ പി.കെ. സുകുമാരന്‍ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് അടച്ചു പൂട്ടിയ കേസരി തുറക്കുന്നതില്‍ നേതൃപരമായ പങ്ക് അദ്ദേഹം വഹിച്ചു. കെ.പി. കേശവമേനോനെ പോലെയുള്ള ഉന്നത ശീര്‍ഷരെ മുന്നില്‍ നിര്‍ത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം കാണിച്ച ധീരത എക്കാലവും ഒര്‍മ്മിക്കപ്പെടേണ്ടതാണ്. പത്രപ്രവര്‍ത്തന രംഗത്തെ നിഷ്പക്ഷതയുടെ എക്കാലത്തെയും ഉദാത്ത ഉദാഹരണമാണ് വി.എം. കൊറാത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷത ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംഘടനകള്‍ അവരുടെ ആശയ പ്രചരണത്തിനായി മുഖപത്രങ്ങളെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അത് അവരുടെ പക്ഷമാണ്. എന്നാല്‍ നിഷ്പക്ഷരെന്ന് പ്രചാരണം നടത്തുകയും വാര്‍ത്തകളില്‍ പക്ഷം പിടിക്കുകയും ചെയ്യുന്ന പ്രവണതയാണ് സമൂഹത്തില്‍ അപകടരമായ സ്ഥിതി വിശേഷം ഉണ്ടാക്കുന്നത്. വാര്‍ത്ത വാര്‍ത്തയായും വീക്ഷണം വീക്ഷണമായും നല്‍കാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടതെന്നും പി. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമ നിഷ്പക്ഷത ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട കാലമാണ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റി അംഗം പി. ബാലഗോപാലന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളാണ് പല മാധ്യമങ്ങളുടെയും നിഷ്പക്ഷതയുടെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നത്. ഇന്ന് നിഷ്പക്ഷതയെപറ്റി ഊറ്റം കൊള്ളുന്നവര്‍ അടിയന്തിരാരവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം തടവറക്കുള്ളിലായിരുന്നെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് ചില മാധ്യമപ്രവര്‍ത്തകരെന്ന് അദ്വാനി ചൂണ്ടികാണിച്ച കാര്യം ബാലഗോപാല്‍ ഓമ്മപ്പെടുത്തി. മാധ്യമപ്രവര്‍ത്തനത്തിലെ ഉത്തരവാദിത്വവും നിഷ്പക്ഷതയും ആത്മാര്‍ത്ഥതയും എന്തായിരുന്നുവെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു വി.എം. കൊറാത്ത് എന്നും പി. ബാലഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
















