ചാത്തന്നൂര്‍: അംഗന്‍വാടിയിലെ ആയയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവ് എ.സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ശ്യാംകുമാര്‍ ചോദിച്ചു. മാനഭംഗശ്രമത്തിന് ഇരയായ സ്ത്രീ കോടതിയില്‍ രഹസ്യമൊഴി നല്‍കി കഴിഞ്ഞു. എന്നിട്ടും അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ല. ഏവര്‍ക്കും തുല്യനീതി നല്‍കുമെന്നും നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നും പറഞ്ഞാണ് കേരളത്തില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് തന്നെ മാനഭംഗശ്രമകേസില്‍ പ്രതിയായി വന്നതോടെ പറഞ്ഞതെല്ലാം വിഴുങ്ങുന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കാഴ്ച. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യമൂലങ്ങള്‍ക്കും സദാചാരമൂല്യങ്ങള്‍ക്കും വിലകൊടുക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി പ്രസിഡന്റ് ജി.ഗോപിനാഥന്‍ പറഞ്ഞു. മാനഭംഗശ്രമത്തിനിരയായ സഹോദരിക്ക് നീതി വാങ്ങി കൊടുക്കാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനും ബിജെപി ഉണ്ടാകും. സംസ്ഥാനഭരണം കൈയിലുള്ളതിന്റെ പിന്‍ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സാധാരണക്കാരെ നിശബ്ദരാക്കാന്‍ നോക്കിയാല്‍ ശക്തമായ വില നല്‍കികേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയായ എ.സുരേഷ് മുന്‍പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്തംഗവുമായ ആളാണ്. കൂടാതെ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റിയംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവുമാണ്. ജനങ്ങള്‍ക്ക് മാതൃകയാവേണ്ട നേതാവ് തന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യതയില്ലാതായെന്നും അദ്ദേഹം മെമ്പര്‍ സ്ഥാനം രാജിവയ്‌ക്കണമെന്നും ഗോപിനാഥന്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ബി. ഗോപകുമാര്‍, ശ്രീനാഗേഷ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റാഫീസ് ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായാണ് പോലീസ് സ്റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് നടത്തിയത്. പോലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. മണ്ഡലം ഭാരവാഹികളായ എസ്.പ്രശാന്ത്, ശ്രീകുമാര്‍, ജില്ലാ സമിതിയംഗങ്ങളായ ബീനാരാജന്‍, ചാത്തന്നൂര്‍ സുരേഷ്, ബി.സജന്‍ലാല്‍, ബിജു കൊച്ചമ്പനാട്, കളിയാകുളം ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
















