കൊയിലാണ്ടി: മുചുകുന്നിലെ സിഡ്‌കോ വ്യവസായ പാര്‍ക്കില്‍ ബാറ്ററി കമ്പനി ആരംഭിച്ചാല്‍ പ്രദേശത്ത് രൂക്ഷമായ കുടിവെളളക്ഷാമം നേരിടേണ്ടി വരുമെന്ന് ഭൂജലവകുപ്പിന്റെ മുന്നറിയിപ്പ്. വ്യാവസായിക ആവശ്യത്തിനു വേണ്ടി വന്‍തോതില്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നത് ഇതിന് ചുറ്റുമുള്ള കിണറുകളെ ബാധിക്കും. ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതി ഹാനിയുണ്ടാക്കും. ലെഡ് ആസിഡ് ബാറ്ററി അവശിഷ്ടങ്ങള്‍ ഖരമാലിന്യത്തിന്റെ കൂടെയോ തുറസ്സായ സ്ഥലങ്ങളിലോ തള്ളിയാല്‍ ഈ മാലിന്യത്തിലടങ്ങിയിരിക്കുന്ന ഈയവും സള്‍ഫ്യൂരിക്കാസിഡും മണ്ണിലേക്ക് കുതിര്‍ന്നിറങ്ങി ഭൂഗര്‍ഭ ജലത്തെ മലിനപ്പെടുത്തുകയും അപ്രകാരം ഈ പ്രദേശത്തെ കിണറുകളുടെ കുടിവെള്ളത്തിന്റെ ഗുണമേന്മയെ ബാധിക്കുകയും ചെയ്യും. ഈ യൂണിറ്റ് സ്ഥാപിക്കുന്നത് ഒരു കൊച്ചു കുന്നിന്‍ മുകളില്‍ ആയിരുന്നതിനാല്‍ തുറസ്സായ കിണറുകളെ ബാധിക്കുമെന്നും ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെയോ വനപരിസ്ഥിതി മന്ത്രാലയത്തിന്റെയോ പഠനം നടത്താതെ ഇത്തരം വ്യവസായ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















