നാന്റസ്: യുറോ കപ്പ് ഫുട്‌ബോളിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അവസാന മിനിറ്റ് ഗോളില്‍ കാമറൂണിനെതിരെ ഫ്രാന്‍സിന് ജയം. പെനല്‍റ്റി ബോക്‌സിനു പുറത്ത്, ഏകദേശം 25 വാര അകലെ നിന്ന് ഫ്രീ കിക്കിലൂടെ ലക്ഷ്യം കണ്ട ദിമിത്രി പയറ്റിന്റെ മികവാണ് ഫ്രാന്‍സിന് 3-2ന്റെ ജയം സമ്മാനിച്ചത്. ഇതോടെ, യുറോ കപ്പിനുള്ള ഫ്രാന്‍സിന്റെ അന്തിമ ഇലവനിലേക്കും താരം അവകാശവാദം ഉന്നയിച്ചു.
മത്സരത്തില്‍ മുന്‍തൂക്കം നേടിയെങ്കിലും കാമറൂണിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ പതറി ഫ്രാന്‍സ്. 20ാം മിനിറ്റില്‍ ബ്ലെയ്‌സ് മറ്റിയുഡിയിലൂടെ ഫ്രഞ്ച് പട മുന്നില്‍. ആതിഥേയരുടെ ഒത്തിണക്കത്തോടെയുള്ള നീക്കം ഗോളില്‍ കലാശിച്ചു.
കാമറൂണ്‍ ബോക്‌സിനു മുന്നില്‍ കിങ്‌സ് ലി കോമാന്‍ നല്‍കിയ പാസ് പത്തു വാര അകലെ നിന്നുള്ള വോളിയിലൂടെ മറ്റിയുഡി വലയിലാക്കി. എന്നാല്‍, ഫ്രഞ്ച് ആഘോഷത്തിന് ആയുസ് രണ്ട് മിനിറ്റ് മാത്രം. 22ാം മിനിറ്റില്‍ വിന്‍സന്റ് അബൂബക്കര്‍ കാമറൂണിനെ ഒപ്പമെത്തിച്ചു. ത്രോയാണ് ഗോളില്‍ കലാശിച്ചത്. എനോ നല്‍കിയ ത്രോ സ്വീകരിച്ച അലന്‍ റോമിയോ സ്‌ക്വയര്‍ പാസിലൂടെ വിന്‍സന്റിനു നല്‍കിയപ്പോള്‍, തഴുകി വിടേണ്ട ചുമതലയേ താരത്തിനുണ്ടായിരുന്നുള്ളു.
ഇടവേളയ്‌ക്കു പിരിയാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒലിവര്‍ ഗിറൗര്‍ഡ് ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. വലതു ത്രോ ലൈനിനോട് ചേര്‍ന്ന് എനോയെ കബളിപ്പിച്ച് പോള്‍ പോഗ്ബ നല്‍കിയ പാസ് ഇടംകാലന്‍ വോളിയിലൂടെ പോസ്റ്റിന്റെ താഴെ മൂലയിലേക്ക് നിക്ഷേപിച്ചു ഗിറൗര്‍ഡ്.
കളി ഫ്രാന്‍സ് ഉറപ്പിച്ചുവെന്നിരിക്കെയാണ് 88ാം മിനിറ്റില്‍ ജീന്‍ എറിക് മാക്‌സിം ചൗപൊ കാമറൂണിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. ഫ്രഞ്ച് പ്രതിരോധത്തിനു മുകളിലൂടെ ഗോള്‍കീപ്പര്‍ ഓണ്ട നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച ബെര്‍ട്രാന്‍ഡ് അബാങ് അത് എറിക് മാക്‌സിമിനു കൈമാറി. എറിക്കിന്റെ ഷോട്ട് വലയില്‍ ഭദ്രം. സമനിലയെന്നു കരുതിയിരിക്കെയാണ് പയറ്റ് ലക്ഷ്യം കണ്ടത്. കാന്റെയെ കോം ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് പയറ്റ് ലക്ഷ്യത്തിലെത്തിച്ചത്.
















