കോഴിക്കോട്: അപകടാവസ്ഥയിലുള്ളതും അല്ലാത്തതുമായ മരങ്ങള്‍ മുറിക്കാന്‍ നേരിട്ട് ജില്ലാ കലക്ടറെ സമീപിക്കുന്ന പ്രവണത ചൂണ്ടിക്കാട്ടി ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത്. മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി മന്ത്രി എ.കെ. ശശീന്ദ്രന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസാധ്യതയുള്ള മരം മുറിക്കാനാണെങ്കില്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസില്‍ അപേക്ഷിച്ച് അനുമതി വാങ്ങുകയാണ് വേണ്ടത്. ഏറെ അപകടാവസ്ഥയിലുള്ള മരം മുറിക്കാനാണെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടം 133 പ്രകാരം സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഹിയറിങ്ങിനുശേഷം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏതു നിമിഷവും മിറഞ്ഞുവീഴാമെന്ന അവസ്ഥയിലുള്ളതും അടിയന്തര നടപടി ആവശ്യവുമുള്ള കേസാണെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അപകടസാധ്യതയുള്ള മരമായാലും കെട്ടിടമായാലും അതിനൊരു കസ്റ്റോഡിയനുണ്ടാവും. അയാള്‍ക്കായിരിക്കും അതുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതല. ഇവ പൊട്ടിയും തകര്‍ന്നും വീണ് അപകടങ്ങളുണ്ടാവുന്ന പക്ഷം അവര്‍ നിയമനടപിട നേരിടേണ്ടി വരുമെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കുമാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ചില സ്വകാര്യ വിദ്യാഭ്യാസാസ്ഥാപനങ്ങള്‍ സ്വന്തം കോമ്പൗണ്ടിലുളള മരം മുറിക്കാന്‍പോലും തന്നെ സമീപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മഴക്കാലത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നു മുതല്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതു കണ്‍ട്രോള്‍ റൂമും ഫിഷറീസ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു.
വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളുകളില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഡ്രൈഡേ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. ഷോപ്പുകള്‍ അടച്ച് പരിസരം ശുചിയാക്കുന്ന ശുചിത്വ ഹര്‍ത്താലും ആചരിച്ചു വരുന്നുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ അഞ്ച് അസിസ്റ്റന്റ് സര്‍ജന്‍മാരുടേയും 28 സ്‌പെഷ്യലിസ്റ്റുകളുടേയും ഒഴിവുകള്‍ നികത്താനുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
















