കോഴിക്കോട്: പുതിയ സര്‍ക്കാര്‍ പുതിയ ഡാമുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നതായും ഇത്തരം ഡാമുകള്‍ നിര്‍മ്മിക്കുന്നത് കരാറുകാരുടെയും സിമന്റ് കമ്പനികളുടെയും താത്പര്യസംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഞ്ചിനീയറുമായ ഡോ.എ. അച്യുതന്‍. മലയാളം സര്‍വകലാശാല പ്രസിദ്ധീകരിച്ച എന്‍.വിയുടെ പരിസ്ഥിതി ചിന്തകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജോലിസാദ്ധ്യത മുന്നില്‍ കണ്ട് എഞ്ചിനീയര്‍മാരും ഇത്തരം പദ്ധതികള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ജലസമ്പത്ത് വലിയ തോതിലുണ്ടെങ്കിലും ജലസാക്ഷരത കുറവാണെന്നും പുഴകളെ വേണ്ടത്ര രീതിയില്‍ സംരക്ഷിക്കുന്നതിന് നമ്മുക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ്‌വാലി പദ്ധതിക്കെതിരെ സാഹിത്യകാരന്‍മാരെ അണിനിരത്തുന്നതില്‍ എന്‍.വി. കൃഷ്ണവാരിയര്‍ മുന്നിട്ട് നിന്നിരുന്നുവെന്നും എന്‍.വി. ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രകൃതി നാശത്തിനെതിരെ മുന്നിട്ട് നില്‍ക്കുമായിരുന്നുവെന്നും അച്യുതന്‍ പറഞ്ഞു. ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. വിയുടെ മകള്‍ ഡോ. പാര്‍വതി, ഗ്രന്ഥകാരന്‍ ജി. മധുസൂദനന്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഭരതന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
















