മുക്കം: രണ്ടു മാസത്തെ മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തി, സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളുമെല്ലാം വൃത്തിയാക്കി. കേടുവന്ന ബെഞ്ചും ഡസ്‌കും ബോര്‍ഡുമെല്ലാം നന്നാക്കി സ്‌കൂളുകള്‍ പുത്തനുണര്‍വ് കൈവരിച്ചു കഴിഞ്ഞു. നവാഗതരെ വരവേല്‍ക്കാനുള്ള പ്രത്യേക പരിപാടികളൊരുക്കി നാളത്തെ പ്രവേശനോത്സവം ആകര്‍ഷകമാക്കാനുള്ള തയ്യാറെടുപ്പു വിദ്യാലയങ്ങളില്‍ തകൃതിയില്‍ നടക്കുന്നു.
ഇതിനിടെ ഇന്നലെ അധ്യാപകരുടെ പഞ്ചായത്ത് തല സംഗമം നടന്നു. ഇന്ന് സ്‌കൂള്‍ തല യോഗം നടക്കും. പ്രവേശനോത്സവം ഉള്‍പ്പടെ പുതിയ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ തല പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും.
കുന്ദമംഗലം ബിആര്‍സി യുടെയും കാരശേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പ്രവേശനോത്സവം കാരശേരി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയെത്തിയ ആനയാംകുന്ന് ഗവ. എല്‍പി സ്‌കൂളില്‍ നടക്കും. എണ്‍പത്തിയഞ്ച് വിദ്യാത്ഥികള്‍ ഈ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇതിനകം പുതുതായി പ്രവേശനം നേടിക്കഴിഞ്ഞു. രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച നവതിക ക്വിസ് പോലുള്ള പരിപാടികള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം തേടിയെത്താന്‍ കാരണമായെന്ന് പ്രധാനാധ്യാപിക കെ.എ. ഷൈല പറഞ്ഞു.
മികവുറ്റ പഠനത്തിനു പുറമെ ചിത്രാലംകൃതമായ ക്ലാസ് മുറികളും മികച്ച ഭൗതിക സൗകര്യങ്ങളും സ്‌കൂളിനെ മാതൃകാ വിദ്യാലയമാക്കി.
















