ജര്‍മനിക്കെതിരെ രണ്ടാം ഗോള്‍ നേടിയ സ്ലൊവാക്യയുടെ മിച്ചല്‍ ദുരിസിന്റെ ആഹ്ലാദം
അഗസ്ബര്‍ഗ്: യുറോ കപ്പ്, കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു മുന്നോടിയായുള്ള അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളില്‍ ലോക ചാമ്പ്യന്‍ ജര്‍മനിക്കു ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്ലൊവാക്യയോട് ഒന്നിനെതിരെ മൂന്നു ഗോളിനു തകര്‍ന്നു ജര്‍മനി. അതേസമയം, മുന്‍ലോക ചാമ്പ്യന്മാരായ ബ്രസീല്‍, ഇറ്റലി, സ്‌പെയ്ന്‍ എന്നിവരും പോര്‍ച്ചുഗലും ജയം കണ്ടു.
മഴ മൂലം രണ്ടാം പകുതി തുടങ്ങാന്‍ വൈകിയ മത്സരത്തില്‍ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് ജര്‍മനി മൂന്നു ഗോള്‍ തിരിച്ചു വാങ്ങി തോല്‍വി വഴങ്ങിയത്. 13ാം മിനിറ്റില്‍ മരിയൊ ഗോമസ് ലോക ചാമ്പ്യനെ മുന്നിലെത്തിച്ചു. 41ാം മിനിറ്റില്‍ മാരെക് ഹംസിക്കിലൂടെ ഒപ്പമെത്തിയ സ്ലൊവാക്യ, മൂന്നു മിനിറ്റിനു ശേഷം മിച്ചല്‍ ദുരിസിലൂടെ ലീഡും നേടി. 52ാം മിനിറ്റില്‍ ജുരാജ് കുക്ക പട്ടിക തികച്ചു. സാമി ഖദീര, മരിയോ ഗോട്‌സെ, ജെറോം ബോട്ടെങ് തുടങ്ങിയ പ്രമുഖരുണ്ടായിട്ടും ജര്‍മനിയുടെ വിധി മാറ്റാനായില്ല.
ബ്രസീല്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് പനാമയെ തുരത്തി. രണ്ടാം മിനിറ്റില്‍ ജൊനാസ്, 73ാം മിനിറ്റില്‍ ഗബ്രിയേല്‍ സ്‌കോറര്‍മാര്‍. സ്‌കോട്ട്‌ലന്‍ഡിനെയാണ് ഇറ്റലി കീഴടക്കിയത്. 57ാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെ സ്‌കോറര്‍.
നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയ്ന്‍ 3-1ന് ബോസ്‌നിയ-ഹെര്‍സഗോവിനയെ മറികടന്നു. നോലിറ്റോയുടെ ഇരട്ട ഗോള്‍ ജയത്തിന്റെ സവിശേഷത. 11, 18 മിനിറ്റുകളില്‍ നോലിറ്റോ ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളില്‍ പെഡ്രോ പട്ടിക തികച്ചു. എമിര്‍ സ്പാഹിക്ക് ബോസ്‌നിയയുടെ ആശ്വാസം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ അഭാവത്തിലും പോര്‍ച്ചുഗലിന് മികച്ച ജയം. നോര്‍വയെ മടക്കമില്ലാത്ത മൂന്നു ഗോളിനു തുരത്തി പറങ്കിപ്പട. 13ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വരെസമ, 65ാം മിനിറ്റില്‍ റാഫേല്‍ ഗ്വിറെയ്‌റൊ, 70ാം മിനിറ്റില്‍ എദര്‍ എന്നിവര്‍ സ്‌കോറര്‍മാര്‍.
കൊളംബിയ, ഉക്രൈന്‍, തുര്‍ക്കി, യുഎസ്, മെക്‌സിക്കോ ടീമുകളും ജയം കണ്ടു. കൊളംബിയ 3-1ന് ഹെയ്തിയെ കീഴടക്കിയപ്പോള്‍, ഉക്രൈന്‍ റൊമാനിയയെ വീഴ്‌ത്തി (4-3). യുഎസ് മടക്കമില്ലാത്ത നാലു ഗോളിന് ബൊളീവിയയെ മുക്കി. മെക്‌സിക്കോ പരാഗ്വെയെയും (1-0), തുര്‍ക്കി മോണ്ടെനെഗ്രൊയെയും (1-0) തോല്‍പ്പിച്ചു.
















