കുറ്റിയാടി: ക്ഷേത്രക്കിണര്‍ നന്നാക്കുന്നതിനിടെ പഴക്കമുള്ളഓട്ടുകിണ്ടിയും കരിങ്കല്‍ തൂണുകളും കണ്ടെടുത്തു. മുവ്വായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്ന പാല്‍ക്കടല്‍ മഹാവിഷ്ണുക്ഷേത്രത്തിന്റെ കിണര്‍ നന്നാക്കുന്നതിനിടെയാണ് കിണ്ടിയും തൂണും കണ്ടെടുത്തത്. വേളം പെരുവയല്‍ കോന്നിമുക്കിലെ ഈ ക്ഷേത്രം ഒരു കാലത്തിന്റെ പ്രൗഢിയും യശസ്സും വിളിച്ചോതുന്നതായിരുന്നു. വൈദേശിക കടന്നുകയറ്റത്തിന്റേയും മറ്റും ഭാഗമായാണ് ക്ഷേത്രം തകര്‍ച്ചയിലായത്. ശ്രീകോവില്‍ പൊളിച്ച് ക്ഷേത്രത്തിന്റെ കിണര്‍ നികത്തിയ നിലയിലുമായിരുന്നു.
2009ല്‍ ക്ഷേത്രം പുനര്‍ നിര്‍മ്മാണത്തിനായി ഭക്തജനകമ്മിറ്റി നിലവില്‍വരികയും പ്രവര്‍ത്തനം നടന്നുവരികയുമാണ്. ക്ഷേത്രസന്നിധിയില്‍ നടത്തിയ പ്രശ്‌നചിന്തകളെ തുടര്‍ന്ന് ബാലാലയത്തില്‍ ആടചാരങ്ങള്‍ നടന്നുവരികയാണ്. നവീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കിണര്‍ നന്നാക്കുന്നതിനിടെയാണ് പൂജാസാധനങ്ങളായ ഓട്ടുകിണ്ടിയും കരിങ്കല്‍തൂണുകളും കണ്ടെത്തിയത്.
















