കോഴിക്കോട്: തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സ്‌കൂള്‍ സംരക്ഷണസമിതി പ്രക്ഷോഭത്തിലേക്ക്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ഉപരോധസമരം നടത്തും.
കഴിഞ്ഞ ജൂണില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ എഇഒയെ നാട്ടുകാര്‍ തടഞ്ഞിരുന്നു. 5, 6, 7 ക്ലാസുകളിലായി ആകെ 16 കുട്ടികളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികളുടെ എണ്ണം കുറവാണെന്ന് കാണിച്ച് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലുണ്ടെന്നും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. വേങ്ങര സ്വദേശിയായ മാനേജര്‍ മുഹമ്മദ് അഷ്‌റഫ് സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. 1954ല്‍ തിരുവണ്ണൂരിലെ പാലാട്ട് കുടുംബമാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. 2009ല്‍ നിലവിലുള്ള മാനേജര്‍ വിലക്കെടുക്കുകയായിരുന്നു. പിന്നീട് സ്‌കൂളിന്റെ വികസനത്തിനായി ഒരു നടപടിയും എടുക്കാത്തതുകൊണ്ടാണ് കുട്ടികള്‍ കുറഞ്ഞതെന്നാണ് നാട്ടുകാരുടെ ആരോപണം.
















