ബെംഗളൂരു: ഐപിൽഎൽ ഒമ്പതാം കിരീടം സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ബാംഗ്ലൂരിനെ കടപുഴക്കിയാണ് വാർണർ നേതൃത്വം നൽകിയ ഹൈദരാബാദുകാർ ആദ്യമായി കിരീടത്തിൽ മുത്തമിട്ടത്. ഹൈദരാബാദ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ പോരാട്ടം എട്ട് റൺസ് അകലെ അവസാനിച്ചു. സ്കോർ ഹൈദരാബാദ്- 208/7 (20 ഓവർ); ബാംഗ്ലൂർ-200/7 (20 ഓവർ).
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് ഓപ്പണർമാരായ കോഹ്‌ലിയും ഗെയ്‌ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ 10.3 ഓവറിൽ 114 റൺസ് അടിച്ചെടുത്തു. എന്നാൽ ഇവർ പുറത്തായ ശേഷം ആർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. തുടർന്ന് ഹൈദരാബാദ് വിജയിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ക്യാപ്റ്റൻ ഡേവിഡ് വാർണറും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 63 റൺസ് സ്കോർ ബോർഡിലെത്തിച്ചു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കട്ടിങ് 15 പന്തിൽ 39 റൺസുമായി പുറത്താകെനിന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 208 റൺസ് എടുത്തത്.
എന്നാൽ ഐപിഎൽ സീസണിൽ 1000 റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡ് കോലിക്ക് നേടാനായില്ല. 16 മത്സരങ്ങളിൽ 973 റൺസുമായാണ് കോഹ്‌ലി സീസണിലെ ബാറ്റിങ് അവസാനിപ്പിച്ചത്.
















