ന്യൂദല്‍ഹി: അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു ഒളിംപിക് യോഗ്യത. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പൂനിയ റിയോയിലേക്ക് യോഗ്യത നേടി. കാലിഫോര്‍ണിയയില്‍ നടന്ന പാറ്റ് യങ്‌സ് ത്രോവേഴ്‌സ് ക്ലാസിക് മീറ്റില്‍ 62.62 മീറ്റര്‍ ദൂരമെറിഞ്ഞ് കടമ്പ കടന്നു സീമ. 61 മീറ്ററാണ് ഒളിംപിക് യോഗ്യത.
മികച്ച ദൂരം കണ്ടെത്തിയ ഹരിയാനയില്‍നിന്നുള്ള മുപ്പത്തിരണ്ടുകാരി മീറ്റില്‍ സ്വര്‍ണവും നേടി. 64.84 മീറ്ററാണ് സീമയുടെ മികച്ച ദൂരം. അതേസമയം, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൃഷ്ണ പൂനിയയ്‌ക്ക് യോഗ്യത നേടാനായില്ല. 57.97 മീറ്റര്‍ കണ്ടെത്താനെ ആയുള്ളു താരത്തിന്.
കേന്ദ്ര സര്‍ക്കാരിന്റെ ഒളിംപിക് പോഡിയം പദ്ധതി പ്രകാരം യുഎസില്‍ പരിശീലനത്തിലാണ് സീമ. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2006, 2014 കോമണ്‍വെല്‍ത്ത് ഗെയിംസകളില്‍ വെള്ളിയും, 2010 ദല്‍ഹി ഗെയിംസില്‍ വെങ്കലവും നേടി. 2008 ഒളിംപിക്‌സിലും പങ്കെടുത്തു.
















