ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ബാലുശ്ശേരിക്കടുത്ത പനായിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കിന് പിറകില്‍ യാത്രചെയ്യുകയായിരുന്ന യുവാവിന് പരിക്കേറ്റു. തൃക്കുറ്റിശ്ശേരി കാവുതിയ്യക്കണ്ടി ശ്രീനിവാസന്റെ മകന്‍ നിബിന്‍ (23) കൊയിലാണ്ടി നടേരി കുനിയില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെറൂഫ് (22) എന്നിവരാണ് മരിച്ചത്. ഇയാളുടെ ബൈക്കിന് പിറകില്‍ സഞ്ചരിച്ചിരുന്ന കുന്നത്തറ നെല്ലുളികണ്ടി മീത്തല്‍ മുഹമ്മദ് ജസീമിനെ (21) നെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.15 ഓടെ പനായി ആയൂര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം. നിബിന്‍ തൃക്കുറ്റിശ്ശേരിയിലെ വീട്ടില്‍ നിന്നും ഉള്ളിയേരിയിലേക്കും മുഹമ്മദ് ഷെറൂഫ് വീട്ടില്‍ നിന്നും ബാലുശ്ശേരിയിലെ തുണികടയിലേക്കും വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളുടേയും മുന്‍ ഭാഗം തകര്‍ന്നു. നിബിന്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും മുഹമ്മദ് ഷെറൂഫ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പോലീസ് എത്തിയാണ് വാഹനങ്ങള്‍ നീക്കിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിബിന്റേത് വീട്ടുവളപ്പിലും മുഹമ്മദ് ഷെറൂഫിന്റേത് കാവുംവട്ടം ചെറൂട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും സംസ്‌ക്കരിച്ചു. നിബിന്റെ അമ്മ ശാന്ത, സഹോദരങ്ങള്‍: നിധിന്‍, ജിനി.
മുഹമ്മദ് ഷെറൂഫിന്റെ അമ്മ: അസ്മ, സഹോദരി മാജിദ.
















