ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റമുട്ടും.
രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലില്‍ കടന്നത്. പുറത്താകാതെ 93 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി. ഞായറാഴ്ച ബംഗളൂരുവിലാണ് ഫൈനല്‍.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 162 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. സ്‌കോര്‍ ബോഡില്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ തന്നെ ക്യാപ്റ്റന്‍ റെയ്‌നയുടെയും, ഓപ്പണര്‍ ദിവേദിയുടെയും വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട ഗുജറാത്തിനെ പിന്നീടെത്തിയ മക്കല്ലവും, അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിഞ്ചുമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്.
മക്കല്ലം 29 പന്തില്‍ 32 റണ്‍സും, ഫിഞ്ച് 32 പന്തില്‍ 50 റണ്‍സും നേടി. 2 വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറും, ബെന്‍ കട്ടിങുംമാണ് ഗുജറാത്തിനെ 162ല്‍ ഒതുക്കിയത്.
















