നവിമുംബൈ: കാണാതായ പതിനഞ്ചുകാരിക്കു വേണ്ടി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് രണ്ട് കാര്യങ്ങൾ. ഒന്ന് വീട്ടിൽ നിന്നും മോഷണം പോയ സ്വർണം കവർന്നത് പെൺകുട്ടി, രണ്ടാമത്തേത്, വീട്ടുകാരറിയാതെയുള്ള പെൺകുട്ടിയുടെ പ്രണയവും. നവിമുംബൈയിലെ ബാസർപേട്ട് പ്രദേശത്താണ് പ്രണയവും മോഷണവുമെല്ലാം നടന്നത്.
പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറുടെ മകളാണ് നായികയായ പതിനഞ്ചുകാരി. കഴിഞ്ഞ മെയ് 9ന് ഡോക്ടർ ജോലി കഴിഞ്ഞ് വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മനസിലായത് രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ആരെയും സംശയിക്കാതെ പോലീസ് കേസ് അന്വേഷിക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ മെയ് 23ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായി. തുടർന്ന് ഡോക്ടറും ഭർത്താവും പോലീസിനെ വീണ്ടും സമീപിക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസം രാവിലെ പെൺകുട്ടി വീട്ടിലെത്തി. പിന്നീട് ചോദ്യം ചെയ്തപ്പോൾ താൻ സഹോദരനുമായി വഴക്കുണ്ടാക്കിയതിനാൽ വീടുവിട്ട് പോയെന്നാണ് പെൺകുട്ടി മറുപടി നൽകിയത്. തലേദിവസം താൻ റെയിൽവെ സ്റ്റേഷന് പ്ലാറ്റ്ഫോമിലാണ് കിടന്നുറങ്ങിയതെന്നും പെൺകുട്ടി വീട്ടുകാരോടായി പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ കൂട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു.
കൂട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത് വന്നത്. പെൺകുട്ടി സമീപത്തെ കോളേജിൽ പഠിക്കുന്ന യുവാവുമായി പ്രണയത്തിലാണെന്നും അടുത്തിടെ അയാൾ പുതിയ സ്പോർട്സ് ബൈക്ക് വാങ്ങിയെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തികമായി ഏറെ പരാധീനതകൾ അനുഭവിക്കുന്ന യുവാവിന് പുത്തൻ ബൈക്ക് വാങ്ങാനാകില്ല എന്ന് വീട്ടുകാർ മനസിലാക്കി. തുടർന്നാണ് സ്വർണം ഒരുപക്ഷേ മകൾ തന്നെ കവർന്ന് യുവാവിനു നൽകിയെന്ന നിഗമനത്തിൽ വീട്ടുകാർ എത്തിയത്.
പോലീസ് യുവാവിനെ പനവേലിൽ നിന്നും പിടികൂടി ചോദ്യം ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി താനും പെൺകുട്ടിയും പ്രണയത്തിലാണെന്നും ബൈക്ക് വാങ്ങാൻ തനിക്ക് പെൺകുട്ടി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു തരികയായിരുന്നുവെന്നും യുവാവ് മൊഴി നൽകി. ഈ സ്വർണം കൂട്ടുകാരുടെ സഹായത്തോടെ വിറ്റു കിട്ടിയ പണമുപയോഗിച്ചാണ് യുവാവ് പുതിയ ബൈക്ക് വാങ്ങിയത്.
നഗരത്തിൽ തന്റെ കാമുകനൊപ്പം പുത്തൻ ബൈക്കിൽ ചുറ്റണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇതിന് പണമില്ലാതെ വന്നപ്പോഴാണ് അമ്മയുടെ സ്വർണങ്ങൾ മോഷ്ടിച്ചതെന്ന് പെൺകുട്ടി പോലീസിനും വീട്ടുകാർക്കും മുന്നിൽ മൊഴി നൽകി. എന്തായാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി യുവാവിനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം പോയി. പക്ഷേ കുടുങ്ങിയത് പാവം കാമുകനും സുഹൃത്തുക്കളുമാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: