തേഞ്ഞിപ്പലം (മലപ്പുറം): ഉയരങ്ങളിലേക്കുള്ള ആവേശപ്പോരാട്ടമായി ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരം. കേരളത്തിന്റെ പ്രതീക്ഷകളായിറങ്ങിയ ടി. ആരോമലും റിജു വര്‍ഗീസും ഉജ്ജ്വല പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചത്. 1.89 മീറ്റര്‍ മുതല്‍ ഹരിയാന, ദല്‍ഹി താരങ്ങളായിരുന്നു എതിരാളികള്‍. 1.92 മീറ്റര്‍ ഉയരം നാലു താരങ്ങളും രണ്ടാം അവസരത്തില്‍ തന്നെ മറികടന്നു. തുടര്‍ന്ന് 1.94 മീറ്റര്‍ ഉയരം കീഴടക്കാനാവാതെ റിജോയും ദല്‍ഹിയുടെ നിഷാന്തും പുറത്തായി.
ആരോമലും ഹരിയാനയുടെ ഗുര്‍ജീത് സിങ്ങും തമ്മിലായി സ്വര്‍ണ പോരാട്ടം. 1.96 മീറ്റര്‍ ഉയരം കീഴക്കാനുള്ള ആരോമലിന്റെ മൂന്നു ശ്രമവും ക്രോസ്ബാറില്‍ തട്ടി വീണു. ആദ്യ ശ്രമത്തില്‍ തന്നെ 1.96 മീറ്റര്‍ അനായാസം മറിക്കടന്ന ഗുര്‍ജീത് സ്വര്‍ണ ജേതാവായി. 1.98 മീറ്റര്‍ കീഴടക്കിയ ഗുര്‍ജീത് 2.00 മീറ്റര്‍ ഉയരത്തിലേക്ക് ചാടിയെങ്കിലും മൂന്നു ചാട്ടവും പിഴച്ചു.
















