തേഞ്ഞിപ്പലം (മലപ്പുറം): ദേശീയ റെക്കോഡിന്റെ നിറവില്‍ അനുമോള്‍ തമ്പി കേരളത്തിന്റെ സ്വര്‍ണമുത്ത്. 13-ാമത് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളം നേടിയ ഏക സ്വര്‍ണവും അനുമോളുടെ പേരില്‍. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ദേശീയ റെക്കോഡ് തകര്‍ത്തെറിഞ്ഞ സ്വര്‍ണക്കുതിപ്പ്. 10:00.22 സെക്കന്‍ഡില്‍ എതിരാളികളെ മീറ്ററുകളോളം പിന്നിലാക്കി അനുമോള്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ തകര്‍ന്നത് 2013-ല്‍ മഹാരാഷ്‌ട്രയുടെ സഞ്ജീവനി യാദവിന്റെ പേരിലുള്ള 10:08.29 സെക്കന്‍ഡിന്റെ റെക്കോഡ്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ അലീഷ പി.ആര്‍. സ്ഥാപിച്ച 10:08.45 സെക്കന്‍ഡിന്റെ മീറ്റ് റെക്കോര്‍ഡും ഇനി പഴങ്കഥ.
സംസ്ഥാന-ദേശീയ സ്‌കൂള്‍ മീറ്റുകളിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വെള്ളിയും നേടിയ ശേഷമാണ് അനുമോള്‍ കോഴിക്കോട് സര്‍വകലാശാലയിലെ സിന്തറ്റിക് ട്രാക്കിലെത്തിയത്. സംസ്ഥാനത്തെ ഏറ്റവും പുതിയ സിന്തറ്റിക് ട്രാക്കില്‍ സ്വര്‍ണപ്രതീക്ഷയുമായിറങ്ങിയ അനുമോള്‍ കാലുകളില്‍ കുതിരവേഗം ആവാഹിച്ച് കുതിച്ചു.
സുവര്‍ണനേട്ടത്തിനൊപ്പം സ്വന്തമായി വീടില്ലെന്ന ദുഃഖവും ഉടന്‍ പരിഹരിക്കപ്പെടും. പാറത്തോട് പഞ്ചായത്താണ് അനുമോള്‍ക്ക് വീടുവെച്ചു നല്‍കും. മുന്‍പ് താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നതോടെ അനുമോളും അമ്മ ഇടുക്കി കമ്പിളിക്കണ്ടം കളത്തില്‍ ഷൈനിയും സഹോദരന്‍ ബേസിലും നാട്ടുകാരനായ മനുഷ്യസ്‌നേഹി നല്‍കിയ വീട്ടിലാണ് താമസം. ഉടന്‍ തന്നെ വീടു നിര്‍മാണം തുടങ്ങാനാവുമെന്ന പ്രതീക്ഷ അനുമോള്‍ പ്രകടിപ്പിച്ചു. ഇടുക്കി പാറത്തോട് സെന്റ് ജോര്‍ജ് സ്‌കൂളിലെ പാചക തൊഴിലാളിയാണ് ഷൈനി.
അമ്മയ്‌ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് അനുമോളുടെ പഠനവും കായിക സ്വപ്‌നങ്ങളും സഫലമാകുന്നത്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടാനും ഇൗ മിടുക്കിക്കായി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ താരമായ അനുമോള്‍ക്ക് കൊമേഴ്‌സ് എടുത്ത് അവിടെത്തന്നെ പ്ലസ് വണ്ണിന് ചേരാനാണ് ആഗ്രഹം. മാര്‍ ബേസില്‍ സ്‌കൂളിലെ കായിക അധ്യാപിക ഷൈബി മാത്യുവാണ് പരിശീലക.
സുവര്‍ണനേട്ടങ്ങള്‍ക്കിടയിലും അനുമോള്‍ക്ക് ഒരു ദുഃഖമുണ്ട്. ദേശീയ സംസ്ഥാന മേളകളില്‍ മെഡലുകള്‍ വാരിക്കൂട്ടുന്ന കായിക താരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാനത്തുക കഴിഞ്ഞ രണ്ടു വര്‍ഷമായി കുടിശികയാണ്. ഇല്ലായ്‌മകള്‍ക്കു നടുവില്‍ നിന്ന് ഓടിയെത്തി കേരളത്തെ പൊന്നുകൊണ്ടു മൂടുന്ന അനുമോളെ പോലുള്ള കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക ഒരാശ്വാസം തന്നെ. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞും കായിക രംഗത്തെ നയിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നതരുടെ പിടിപ്പുകേടുമാണ് സമ്മാനത്തുക വിതരണം വൈകാന്‍ കാരണം. അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് അനുമോള്‍.
















