കല്‍പ്പറ്റ : ജില്ലയിലെ ആറ് വയസ്സിനും 14വയസ്സിനും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ളപഠനാന്തരീക്ഷം നല്കി നിലനിര്‍ത്താനുമുള്ള നിരവധി പരിപാടികളാണ് പുതിയ അക്കാദമികവര്‍ഷം സര്‍വ്വശിക്ഷാ അഭിയാന് ആവിഷ്ക്കരിച്ചിട്ടുള്ളത്. കുട്ടികള്‍ക്കു മികച്ച പ ഠനാനുഭവങ്ങള് നല്‍കുന്നതിന്റെ സൂക്ഷ്മതല ആസൂത്രണത്തിലൂന്നിയ അവധിക്കാല അധ്യാപകപരിശീലനത്തി ല്‍ രണ്ടുഘട്ടങ്ങളിലായി 84ശ തമാ നം അധ്യാപകര്‍ പങ്കെടുത്തു.
പുതിയ അധ്യയന വര്‍ഷം വിദ്യാലയത്തിലെ അക്കാദമികകൂട്ടായ്മയായ സ്കൂള്റിസോഴ്സ്ഗ്രൂപ്പ്, രക്ഷാകര്‍ത്താക്കളുടെ പിന്തുണതേടുന്ന ക്ലാസ്സ് പിടിഎ, മാതൃസമിതി, സ്കൂള്‍ സപ്പോര്ട്ട്ഗ്രൂപ്പ് എന്നിവ ശക്തിപ്പെടുത്തി മികച്ച വിദ്യാലയ വികസനപദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യാന്‍ മെയ് 25ന് പ്രധാനാധ്യാപകര്‍ക്കു പരിശീലനം നല്കി.
മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെയും അവധിക്കാല അധ്യാപക പരിശീലനത്തിന്റെയും അടിസ്ഥാനത്തില്‍ ഈവര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനുവേണ്ടി മെയ് 30ന് പഞ്ചായത്തു തലത്തില്‍ നടത്തുന്ന ‘സമന്വയം’ വിദ്യാഭ്യാസ ശില്പശാലയ്ക്കു പഞ്ചായത്തു വിദ്യാഭ്യാസ സമിതി നേതൃത്വം നല്‍കും. പഞ്ചായത്തിലെ തിരഞ്ഞെടുത്ത കേന്ദ്രത്തില്‍ വെച്ച് രാവിലെ 10മുതല്‍ വൈകുന്നേരം നാല്വരെ നടത്തുന്ന ‘സമന്വയം’ ശില്പശാലയില് മുഴുവന്‍ പ്രൈമറി അധ്യാപകരും, പ്രധാനാധ്യാപകരും, പഞ്ചായത്ത് അംഗങ്ങളും, വിദ്യാഭ്യാസ സമിതി അംഗങ്ങളും പങ്കെടുക്കും. ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നേടിയ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്ന ശില്പശാലയില് ഗ്രാമപഞ്ചായത്തിന്റെ പൊതു വിദ്യാഭ്യാസ പ്രോജക്ടുകള്‍ അവതരിപ്പിക്കും.
‘സമന്വയം’ ശില്പശാലയില് രൂപപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തില്‍ മെയ് 31ന് വിദ്യാലയാടിസ്ഥാനത്തില്‍ നടത്തുന്ന ഏകദിന ശില്പശാലയാണ് ‘ഒരുക്കം’. ഇതില്‍ പ്രൈമറി അധ്യാപകരോടൊപ്പം പിടിഎ, എസ്എംസി, എസ്എസ്ജി അംഗങ്ങളും പങ്കെടുക്കും. സ്കൂള്‍ വികസന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി വിദ്യാലയത്തില്‍ നടപ്പിലാക്കേണ്ട പരിപാടികളുടെ വിശദാംശങ്ങള്‍ ഈ ശില്പശാലയില് തയ്യാറാക്കും. ‘ഒരുക്കം’ ശില്പശാലയ്ക്കു പ്രധാനാധ്യാപകരും എസ്ആര്‍ജി കണ്‍വീനറുമാണ് നേതൃത്വം നല്‍കുക.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയ പ്രവേശനം, പഠനം, പിന്തുണ, എന്നിവയ്ക്കായി രൂപീകരിച്ച, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്ര പരിപാടിയാണ് ‘ഗോത്രവിദ്യ’. മുഴുവന്‍ പഞ്ചായത്തുകളിലും നടത്തുന്ന വിദ്യാലയ പ്രവേശനക്യാമ്പയിന് ആണ് ആദ്യപരിപാടി. ടൈഡ് എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന് മെയ് 29, 30, 31 തിയ്യതികളില്‍ സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന കേന്ദ്രങ്ങളിലും ഊരു കേന്ദ്രങ്ങളിലും വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളുണ്ടോ എന്ന് അന്വേഷിക്കുകയും അവരെ വിദ്യാലയത്തിലെത്തിക്കാനുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
‘ടൈഡ്’ കാമ്പയിന് സംഘാടനത്തിനായി എല്ലാഗ്രാമ പഞ്ചായത്തിലും മെയ് 28ന് ആസൂത്രണ-അവലോകന യോഗംചേരും. ഈ യോഗത്തി ല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെമുഴുവന് സംവിധാനങ്ങളെയുംവ്യക്തികളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് വളണ്ടിയര്ഗ്രൂപ്പ് രൂപീകരിക്കും. അധ്യാപകര്‍, റിട്ടയര്ചെയ്തവര്, അംഗനവാടി പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍, കുടംബശ്രീ, അയല്‍സഭ, എന്‍എസ് എസ്, ആശാ വര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയ എല്ലാവരുടെയും സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മൂന്നു ദിവസത്തെ ജനകീയ കാമ്പയിന് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രസിഡണ്ടുമാര്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന്മാര് എന്നിവരുടെ യോഗം ചേര്‍ന്ന് വിദ്യാലയ പ്രവേശന കാമ്പയിന് വിജയിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പരിധിയിലോ ഗ്രാമപഞ്ചായത്തുപരിധിയിലോ വിദ്യാലയ പ്രവേശനം നേടാത്തവരായി ആരുമില്ല എന്ന പ്രഖ്യാപനം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തില്‍ വെച്ച് നടത്തും.
ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത്-വിദ്യാലയ തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാ തല പ്രവേശനോത്സവം ജില്ലയിലെ ജനപ്രതിനിധികളുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മാതമംഗലം ഗവണ്മെന്റ് ഹൈസ്കൂളിലും, ബ്ലോക്കുതല പ്രവേശനോത്സവം ബ്ലോക്കു പഞ്ചായത്തിന്റെ നേതൃത്വത്തിലും, പഞ്ചായത്ത് മുന്‍സിപ്പല്‍ പ്രവേശനോത്സവം അതതു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുമായിരിക്കും നടത്തുക. ജില്ലാതല പ്രവേശനോത്സവത്തിന് 25000 രൂപയും ബ്ലോക്കുതല പ്രവേശനോത്സവത്തിന് 5000 രൂപയും, ഗ്രാമതലത്തില്‍ 1000രൂപയും വിദ്യാലയങ്ങള്‍ക്കു പ്രവേശനോത്സവസംഘാടനത്തിനായി 500രൂപയും സര്‍വ്വ ശിക്ഷാ അഭിയാന് അനുവദിക്കും. കൂടാതെ പ്രവേശനാത്സവ ബാനര്‍ സ്ഥാപിക്കുന്നതിനായി എല്ലാ വിദ്യാലയങ്ങള്‍ക്കും 250 രൂപയും ബിആര്‍സി വഴി നല്‍കും. ഫഌക്സ് ബാനര്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാലയ പ്രവേശനത്തിനുമുമ്പായി എല്ലാ ഗവണ്മെന്റ് വിദ്യാലയങ്ങള്‍ക്കും 7500 രൂപ മെയിന്റനന്‍സ് ഗ്രാന്റ്, എല്‍പി സ്കൂളിന് 5000 രൂപയും യു.പി.സ്കൂളിന് 7000 രൂപയും സ്കൂള്‍ ഗ്രാന്റ് എന്നിവയും ഒന്നുമുതല്‍ എട്ട്വരെ ക്ലാസിലെ എല്ലാ അധ്യാപകര്‍ക്കും 500രൂപ ടീച്ചര്ഗ്രാ ന്റും അനുവദിച്ചിട്ടുണ്ട്. എല്‍പി. ഉള്‍പ്പടെയുള്ള യു.പി. വിദ്യാലയങ്ങല്‍ക്ക് എല്‍.പി.യുടെയും യു.പി.യുടെയും ഗ്രാന്റ് ലഭിക്കും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി വര്‍ഗ്ഗ കുട്ടികള്‍ക്കും ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും രണ്ടു ജോഡി യൂണിഫോം വാങ്ങുന്നതിനായി ഒരു കുട്ടിക്കു 400 രൂപ വീതം ഗവണ്മെന്റ് വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ്സു മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പാഠപുസ്തകം വിതരണം ചെയ്യും.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.ദേവകി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ടി.കെ. അബ്ബാസലി, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ.എം. മൊയ്തീന് കുഞ്ഞി, എം.ഒ.സജി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: