ന്യൂദല്‍ഹി: കേന്ദ്രം ട്രാഫിക് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ചില വ്യവസ്ഥകള്‍ കൂടി പുതിയ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സംസ്ഥാന ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. അമിത വേഗം, സിഗ്നല്‍ തെറ്റിക്കുക, മദ്യപിച്ച് വണ്ടിയോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയാല്‍ സ്ഥലത്തു വച്ചു തന്നെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള വ്യവസ്ഥയാണ് പുതുതായി ചേര്‍ത്തത്.
ഇത്തരക്കാര്‍ക്ക് റിഫ്രഷര്‍ കോഴ്സ് നിര്‍ബന്ധിതമാക്കാനും തീരുമാനമുണ്ട്. അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ ചിത്രീകരിക്കുന്ന പരസ്യങ്ങളും സിനിമകളും സീരിയലുകളും പിന്‍വലിക്കാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കും. അല്ലെങ്കില്‍ ഇത്തരം രംഗങ്ങള്‍ വരുമ്പോള്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കണം. പൊതുവഴിയില്‍ ബൈക്ക്, കാര്‍ റേസിംഗ് നടത്തിയാലും കടുത്ത നടപടി എടുക്കും. ആദ്യമായി നിയമലംഘനം നടത്തിയാല്‍ 5000 രൂപ പിഴയോ ആറു മാസം തടവോ ആകും ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപ പിഴയോ രണ്ടു വര്‍ഷം തടവോ ലഭിക്കും.
അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാതെ പോകുന്ന ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ പിഴയും ചുമത്തും. ആറു മാസം തടവും 2000 രൂപ പിഴയുമാകും ചുമത്തുക. ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ ആദ്യമായി പിഴ വരുത്തുന്നവര്‍ക്ക് രണ്ടായിരം പിഴയോ മൂന്നു മാസം തടവോ അനുഭവിക്കേണ്ടിവരും. തുടര്‍ന്നും കുറ്റം ചെയ്താല്‍ നാലായിരം രൂപ പിഴ നല്‍കേണ്ടിവരും.
















