നാദാപുരം: കേരളത്തില്‍ അക്രമ രാഷ്‌ട്രിയം സിപിഎം ഉപേക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് ബംഗാളിലെ സ്ഥിതി നേരിടേണ്ടിവരുമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം ആക്രമണത്തിന് ഇരയായ നിട്ടൂരിലെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരം മേഖലയില്‍ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റവര്‍ ഏറെയും സാധാരണക്കാരും കര്‍ഷകരുമാണ്. വിജയത്തിന്റെ മറവില്‍ നാട്ടില്‍ വ്യാപകമായി ആക്രമണം അഴിച്ചു വിട്ട് പ്രദേശത്തെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയും. ഈ മേഖലകളില്‍ ആക്രമണം നടക്കുമ്പോള്‍ നോക്കി നിന്ന പോലീസ് അക്രമികളുടെ കുഴലൂത്തുകാരായി മാറിയെന്നും ആക്രമണത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. പ്രേമന്‍, പി. ചെക്കൂട്ടി, പി. മുരളീധരന്‍, പ്രസാദ് സി ചന്ദ്രന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.
















