കോഴിക്കോട്: കേരള ത്തിലെ വിപണിയിലെത്തുന്ന മരുന്നുകള്‍ക്ക് എന്‍ട്രി രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ പ്രൊഡക്ട് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വിപണിയിലെത്തുന്ന പുതിയ മരുന്നുകളെ കുറിച്ച് ഡ്രഗ്‌സ് കണ്‍ട്രോണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പോലും വിവരണശേഖരണം നടത്താന്‍ പറ്റാത്തവിധം പുതിയ മരുന്നുകളുടെ ബാഹുല്യം രോഗചികിത്സാ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഗുണനിലവാരം പോലും ഉറപ്പുവരുത്താതെ ഒരേ മോളിക്യൂള്‍ ഒരേ പേരില്‍ പോലും വിവിധ കമ്പനികളുടെ ലേബലില്‍ വില്‍പ്പനക്കെത്തുന്ന അപകടകരമായ പ്രവണത ഇല്ലാതാക്കാനും ഔഷധകമ്പനികളുടെ ചൂഷണം തടയാനും രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നതിലൂടെ കഴിയുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ മെമ്പര്‍ ജയന്‍ കോറോത്ത്, ഗലീലിയോ ജോര്‍ജ്, പി. പ്രവീണ്‍, ടി. സതീശന്‍, എം.കെ. പ്രേമാനന്ദന്‍, മഹമൂദ് മൂടാടി, പി. ഷറഫുന്നീസ, പി.എം. സുരേഷ് എന്നിവര്‍ സംസാരിച്ചു. എം. ജിജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ്.ഡി. സലീഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ഫാര്‍മസിസ്റ്റുകളായ ഷാജു ചെറുകാവില്‍, സി. കൃഷ്ണദാസ്, കുഞ്ഞമ്മദ് പാലോല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി.എം. ജയന്‍ ഉപഹാരം നല്‍കി. ടി.വി. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി മഹൂദ് മൂടാടി(പ്രസിഡന്റ്), പി.എം. സുരേഷ് (സെക്രട്ടറി), ഷറഫുന്നീസ.പി, സലീഷ്‌കുമാര്‍ എസ്.ഡി (വൈസ് പ്രസിഡന്റുമാര്), എന്‍. സിനീഷ്, എം. ജിജീഷ് (ജോ. സെക്രട്ടറിമാര്‍), കെ.എം. സുനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















