കല്‍പ്പറ്റ : കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലം നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാലഭാരതം 2016 എന്ന പേരില്‍ ബാലികാ-ബാലന്മാരുടെ നേതൃസംഗമം സംഘടിപ്പിക്കുന്നു. 2500 ഗ്രാമങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളുടെ അഭിരുചി വികസന ശിബിരമാണ് ബാലഭാരതം. പ്രകൃതി- സംസ്കൃതി- രാഷ്ട്രം എന്നീ ആശയങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള പഠന പ്രവര്‍ത്തങ്ങളും പ്രദര്‍ശനങ്ങളും രണ്ടുദിവസത്തെ ശിബിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ എട്ടു വിഷയങ്ങളില്‍ കേരളത്തിലെ അതുല്യ പ്രതിഭാശാലികള്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കും. ഭാരതം ലോകത്തിന് സമ്മാനിച്ച അര്ഘരത്നങ്ങളായ യോഗയും ഗീതയും സമന്വയിപ്പിച്ചു ബാലഗോകുലം തയ്യാറാക്കിയ ”യോഗീ ഉത്സവം” എന്ന അനുഷ്ഠാന ക്രിയാപദ്ധതി ബാലഭാരത വേദിയില്‍ അവതരിപ്പിക്കും. ‘നല്ല ആരോഗ്യം, നല്ല വിചാരം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് യോഗീ ഉത്സവം. അയ്യായിരം കുട്ടികള്‍ ഒരുമിച്ച് ഒരേ വേഷത്തില്‍ അവതരിപ്പിക്കുന്ന ‘യോഗീ ഉത്സവം’ നമ്മുടെ സാംസ്കാരിക ഭൂമികയില്‍ വേറിട്ട വിസ്മയമാകും. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന വിഷയത്തില്‍ കുട്ടികളും പ്രധാനമന്ത്രിയുമായി ഒരു വീഡിയോ സംവാദം ബാലഭാരതത്തിന്റെ രണ്ടാം ദിവസം ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം കുട്ടികളില്‍ നിന്ന് പതിനായിരം ആശയങ്ങള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമാണ് ഈ സംവാദം. ശിബിരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ”നല്ലതു കേട്ടു വളരാം” എന്ന സങ്കല്പത്തില് റേഡിയോ ഉപഹാരമായി നല്‍കും.
”ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം” എന്ന മുഖവാചകം ഉയര്‍ത്തിപ്പിടിച്ച് അങ്കമാലി-ആദിശങ്കരപുരിയില് (അഡ്ലക്സ്-കറുകുറ്റി) 2016 മെയ് 28, 29 തീയതികളിലാണ് ഗോകുല പ്രതിനിധികളുടെ നേതൃസംഗമമായ ബാലഭാരതം അരങ്ങേറുന്നത്. പ്രസിദ്ധ നാഷണലിസ്റ്റ് ആക്ടിവിസ്റ്റ് ജാഹ്ന വി ബഹല്‍, ദേശീയ ചലച്ചിത്ര പുരസ്കാരം ജേതാവ് ഗൗരവ് മേനോന്, ദേശീയ ഭഗവദ്ഗീതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മറിയം ആസിഫ് സിദ്ദിഖി തുടങ്ങി ബഹുമുഖപ്രതിഭകളായ അനേകം ബാലതാരങ്ങള്‍ ഈ വേദിയിലെത്തുന്നുണ്ട്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല്‍പ്പത് ബാലപ്രതിഭകള്‍ ചേര്‍ന്ന് ബാലഭാരത ദീപം തെളിയിക്കും. കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ദ്ധന്‍സിംഗ് രാത്തോര്‍, പ്രസാര്‍ഭാരതി ചെയര്മാന് സൂര്യപ്രകാശ് ജി തുടങ്ങി ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ വ്യത്യസ്തവേളകളില് കുട്ടികളുമായി വേദി പങ്കിടും. പ്രകൃതിയെയും സംസ്കാരത്തെയും രാഷ്ട്രത്തേയും ഉള്‍ക്കൊണ്ടു സംരക്ഷിക്കും എന്ന സാമൂഹ്യപ്രതിജ്ഞയോടെ സമാപിക്കുന്ന ബാലഭാരതം അന്തരിച്ച മുന്‍ രാഷ്ട്രപതി ഭാരതരത്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണിമാഷിനുമുള്ള ശ്രദ്ധാഞ്ജലി കൂടിയാണ്.
1995ല്‍ സംഘടിപ്പിച്ച ‘ഗോകുലോത്സവം’, 2000ല്‍ അരങ്ങേറിയ ‘ബാലമഹാ സമ്മേളനം’, 2005ലെ ‘ഗോകുല കലായാത്ര’, 2010ല്‍ നടന്ന ‘കൃഷ്ണായനം’ 2013ലെ ‘വിശ്വം വിവേകാനന്ദം’ എന്നീ ഐതിഹാസിക പരിപാടികളുടെ തുടര്‍ച്ചയാണ് 40ാം വാര്‍ഷികത്തിന്റെ ഭാഗമായ ബാലഭാരതം.
ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനും കെ.പി.ഹരിദാസ് ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗതസംഘം ബാലഭാരതത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും സംയോജകസമിതികള്‍ രൂപീകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ജില്ലാ ഭാരവാഹികളായ ശരത് മോഹന്‍, എന്‍.ബി.ദിവ്യ, പി.ആര്.അമൃത, കെ. എം. ബൃഹന്നള, കെ.എം.മേഹത എന്നിവര്‍ പത്രമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: