കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അണികള്‍ രംഗത്ത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അണികള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്തികൊണ്ടിരിക്കുന്നത്. അഴിമതിയും ഗ്രൂപ്പിസവുമാണ് പാര്‍ട്ടിയുടെ കൊടുവള്ളിയിലെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അതുകൊണ്ടു തന്നെ മണ്ഡലം കമ്മിറ്റി അഴിച്ചു പണിയണമെന്നും തോല്‍വിക്ക് ഉത്തരവാദികളായവര്‍ക്കതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
കൊടുവള്ളിയിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും നേതൃത്വത്തിന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ലെന്ന് എംഎസ്എഫ് മണ്ഡലം കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും കാരാട്ട് റസാഖിന്റെ പിഎയുമായിരുന്ന റാഷിദ് കരീറ്റിപറമ്പ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇനിയും പാഠം പഠിക്കാത്തവര്‍ എന്ന തലക്കെട്ടോടെയിട്ട പോസ്റ്റില്‍ രൂക്ഷമായ വിമര്‍ശനമാണുള്ളത്. അഹോരാത്രം പണിയെടുത്ത് വിജയം സ്വപ്നം കണ്ടിരുന്ന പ്രവര്‍ത്തകരെല്ലാം പരാജയത്തിന്റെ വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചപ്പോള്‍ ഒന്നാശ്വസിപ്പിക്കാനോ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറയാനോ നേതൃത്വം തയ്യാറായില്ലെന്ന് പോസ്റ്റ് കുറ്റപ്പെടുത്തുന്നു.
പോസ്റ്റ് ഇങ്ങനെ തുടരുന്നു…. കാലങ്ങളായി കൊടുവള്ളി ലീഗില്‍ നടക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം മുഴുവന്‍ കാരാട്ട് റസാഖിന്റെ തലയില്‍ മാത്രം കെട്ടിവെച്ച് പ്രവര്‍ത്തകരെ അദ്ദേഹത്തിനെതിരാക്കി മാറ്റുകയായിരുന്നു ചില നേതാക്കള്‍. ഓരോ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും നേതൃ ത്വത്തോട് കണ്ണ് തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറക്കാത്തവര്‍ വിമര്‍ശിക്കുന്നവരെയും എതിരഭിപ്രായം പറയുന്നവരെയും മൂലക്കിരുത്തുകയും ഒഴിവാക്കുകയും വെട്ടി നിരത്തുകയും ചെയ്ത് പോന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണത്തില്‍ ജനങ്ങളെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലേക്ക് പാര്‍ട്ടിയെയും ഭരണത്തെയും ഇവര്‍ കൊണ്ടുപോയി. നേതാക്കള്‍ സുഖസുഷുപ്തിയിലാണ്ട് കിടന്നപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ തകരുകയാണെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കണമെന്നും ആവശ്യ പ്പെട്ടപ്പോള്‍ മുഖം തിരിച്ച നേതൃത്വം, കാര്യസാധ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും കോഴ വാങ്ങാന്‍ മടിക്കാത്തവരായി അധ:പതിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖം മിനുക്കാന്‍ കഴിയാതെ വന്നെങ്കിലും നേരിയ വിജയത്തിലൂടെ ഭരണം പിടിച്ചപ്പോള്‍ അഹങ്കാരത്തിന് കൈകള്‍ മുളക്കുകയാ യിരുന്നു പലര്‍ക്കും.
പ്രവര്‍ത്തകരുടെ മനസ്സറിയാന്‍ നേതാക്കള്‍ക്ക് കഴിയു ന്നില്ലെന്ന് മാത്രമല്ല അവരുടെ വികാരങ്ങളെ കേള്‍ക്കാന്‍ പോലും ഇവര്‍ക്ക് സമയമില്ല. തെരഞ്ഞെടുപ്പ് പോലും കുട്ടിക്കളിയായാണ് ഇവര്‍ കണ്ടത്. കാരാട്ട് റസാഖ് ഉയര്‍ത്തിയ ചില വാദങ്ങളൊക്കെയും ശരിവെക്കുന്നതാണ് ഈ സാഹചര്യ ങ്ങളൊക്കെയും. ഇരട്ടപ്പദവി വിവാദം ഉയര്‍ത്തിക്കൊണ്ട് വന്ന് കാരാട്ട് റസാഖിനെ പുറത്താക്കിയവര്‍ ഇന്നും ഇരട്ടപ്പദവി വഹിച്ച് കൊണ്ടിരിക്കുന്നുവെന്നത് ഇരട്ടത്താപ്പല്ലേ…?
ഇനിയെങ്കിലും അഹങ്കാരവും സ്വാര്‍ത്ഥ താല്‍പ്പര്യവും ഒഴിവാക്കി ഈ പാര്‍ട്ടിയെ നയിക്കാന്‍ നേതാക്കള്‍ക്ക് കഴിയണം. അതിന് അനിവാര്യമായ നേതൃമാറ്റം ആവശ്യമാണ്. തോല്‍വിയുടെ കാരണക്കാരെ കണ്ടെത്തി അടിമുടി മാറ്റങ്ങളോടെ പാര്‍ട്ടിയെ ജനകീയമാക്കണം. അതിന് നേതൃമാറ്റമടക്കം അടിമുടി മാറ്റമനിവാര്യമാണെന്നും റാഷിദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നേതൃത്വത്തിനെതിരെയുള്ള വികാരം അണപൊട്ടിയൊഴുകുകയാണ്. രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്‍സിപ്പാലിറ്റി കമ്മിറ്റി സെക്രട്ടറി കെ.കെ. ഖാദര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്. ഖാദറിന്റെ രാജി സംബന്ധിച്ച് ഇന്ന് ചേരുന്ന മുനിസിപ്പാലിറ്റി കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചചെയ്യും. കെ.കെ. ഖാദറിന്റെ രാജി ഒരു തുടക്കം മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം. മണ്ഡലം കമ്മിറ്റിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും അണികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
കൊടുവള്ളി മണ്ഡലത്തിലെ കനത്ത തോല്‍വിയെ ക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ് തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുകയെന്നാണ് പ്രാഥമിക വിവരം.
29ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടക്കും. ഇതിനായി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ലീഗ് നിയമസഭാകക്ഷി യോഗത്തിലാണ് ഈ തീരുമാനം.
https://www.facebook.com/photo.php?fbid=1044548135622408&set=a.389415831135645.93314.100002016957060&type=3&theater
















